ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലം, കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തികിന്റെ വിവാദ പരാമർശത്തിൽ പരസ്യ പ്രതിഷേധത്തിന് കളമൊരുങ്ങുന


ഈരാറ്റുപേട്ട: ഈരാറ്റുപേട്ട തീവ്രവാദ പ്രശ്‌നം നിലനില്‍ക്കുന്ന സ്ഥലമാണെന്ന കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പരാമർശം വിവാദത്തിനു തിരികൊളുത്തുന്നു. റവന്യു ടവര്‍ നിര്‍മാണത്തിനായി ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന്റെ സ്ഥലം റവന്യു വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഡി ജി പി ക്ക് നൽകിയ റിപ്പോർട്ടിലാണ് വിവാദ പരാമർശം ഉള്ളത്. സംഭവത്തിൽ പരസ്യ പ്രതിഷേധത്തിന് കളമൊരുങ്ങുന്നു. റവന്യു ടവര്‍ നിര്‍മാണത്തിനായി സ്ഥലം കൈമാറാൻ സാധിക്കില്ലെന്നും കേസുകളില്‍ പിടിക്കുന്ന വാഹനം സൂക്ഷിക്കാനും പൊലീസ് ക്വാട്ടേഴ്‌സ്, തീവ്രവാദ വിരുദ്ധ പരിശീലമ കേന്ദ്രം എന്നിവ നിര്‍മ്മിക്കാനും ഈ സ്ഥലം ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ തീവ്രവാദ പ്രശ്‌നങ്ങളും മതപരമായ പ്രശ്‌നങ്ങളും നിലനില്‍ക്കുന്ന സ്ഥലമാണ് ഈരാറ്റുപേട്ട എന്നും റിപ്പോർട്ടിൽ പരാമര്ശിക്കപ്പെടുന്നു. പ്രത്യക്ഷത്തില്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും മതവിഭാഗത്തിനെ സംബന്ധിച്ച സൂചന ഇല്ലെങ്കിലും വാക്കുകൾ വളച്ചൊടിക്കാൻ സാധ്യതയുള്ളതിനാൽ റിപ്പോർട്ടിൽ ആവശ്യമായ തിരുത്ത് നൽകാൻ ആഭ്യന്തര വകുപ്പ് ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിലെ വിവാദമായ പരാമർശം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം. അതേസമയം ജില്ലാ പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിലെ വിവാദ പരാമർശങ്ങൾ പിൻവലിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭയിൽ കൂടിയ സർവ്വകക്ഷിയോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചതായും ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്‌ദുൾഖാദർ പറഞ്ഞു.