മണിമലയിൽ നിന്നും ഇസ്രായേലിൽ വിശുദ്ധ നാട് തീർഥാടനത്തിനു പോയ 43 അംഗ സംഘം സുരക്ഷിതരായി തിരികെയെത്തി.


മണിമല: യുദ്ധ സംഘർഷ ഭൂമിയിൽ നിന്നും നാട്ടിൽ തിരികെയെത്തിയ ആശ്വാസത്തിൽ മണിമല-ചങ്ങനാശ്ശേരി സ്വദേശികൾ. മണിമലയിൽ നിന്നും ഇസ്രായേലിൽ വിശുദ്ധ നാട് തീർഥാടനത്തിനു പോയ 43 അംഗ സംഘമാണ് സുരക്ഷിതരായി തിരികെയെത്തിയത്. ശനിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഘം മണിമല ഹോളി മാഗി ഫോറോനാ പള്ളിയിൽ തിരികെ എത്തിയത്. മണിമല പള്ളി വികാരി ഫാ.മാത്യു താന്നിയത്തിന്റെ നേതൃത്വത്തിലാണ് മണിമല, ചങ്ങനാശ്ശേരി, പഴയിടം, കരിമ്പനക്കുളം മേഖലകളിൽ നിന്നുള്ളവർ വിശുദ്ധ നാട് തീർഥാടനത്തിനായി പോയത്. മണിമലയിൽ നിന്നുള്ള സംഘം ഇസ്രായേലിൽ എത്തിയതിനു തൊട്ടു പിന്നാലെയാണ് ഇസ്രായേൽ യുദ്ധ സംഘർഷ ഭൂമിയായി മാറിയത്. സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും ബുദ്ധിമുട്ടുകൾ ഒന്നും തന്നെ നേരിട്ടില്ല എന്ന് ഫാ. മാത്യു താന്നിയത്ത് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ മൂന്ന് സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിച്ചിരുന്നില്ല എന്നും മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം കാര്യങ്ങൾ നടന്നതായും സുരക്ഷിതരായി തിരികെ എത്താൻ സാധിച്ചതും ദൈവനുഗ്രഹമാണെന്ന് ഫാ.മാത്യു പറഞ്ഞു. കഴിഞ്ഞ 4നാണ് സംഘം വിശുദ്ധ നാട് തീർഥാടനത്തിനായി യാത്ര തിരിച്ചത്.