മുണ്ടക്കയം: കൂട്ടിക്കലിൽ പ്രകൃതി സംഹാര താണ്ഡവമാടിയ ദിനങ്ങൾക്ക് ഇന്ന് 2 വയസ്സ് തികയുമ്പോൾ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടമൊരുക്കി സിപിഐ എം. കൂട്ടിക്കൽ തേൻപുഴയിലാണ് ഒരേ പോലെയുള്ള 25 വീടുകളുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത്. വീടുകളുടെ താക്കോൽദാനം നവംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. രണ്ടു മുറി, ഹാൾ, അടുക്കള, ശൗചാലയം, സിറ്റൗട്ട് എന്നിവയടങ്ങിയതാണ് ഓരോ വീടും. 60 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് കോൺക്രീറ്റു ചെയ്യാൻ നടപടിയായി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ തുക ഉപയോഗിച്ച് പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി എത്തിക്കും. രണ്ടു കുഴൽക്കിണറുകളിൽ നിന്നും വെള്ളം പമ്പു ചെയ്ത് ഓവർ ഹെഡ് ടാങ്കിലെത്തിച്ച് വെള്ളവുമെത്തിക്കും. കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള മുഴുവൻ പാർട്ടി അംഗങ്ങളിൽ നിന്നുമുള്ള പണം ഉപയോഗിച്ചാണ് വീട് നിർമാണത്തിനുള്ള രണ്ടേക്കർ പത്ത് സെന്റ് സ്ഥലം വാങ്ങിയത്. കോട്ടയം ജില്ലാ കമ്മിറ്റി വർഗ ബഹുജന സംഘടനകളുടെ സഹകരണത്തോടെയാണ് വീടുകൾ പൂർത്തീകരിച്ചത്.