പനച്ചിക്കാട്: പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ഇന്നലെ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 24വരെയാണ് നവരാത്രി മഹോത്സവം. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ദേശീയ സംഗീത നൃത്തോത്സവത്തിനു മാളികപ്പുറം സിനിമാ ഫെയിം ദേവനന്ദ ദീപം തെളിയിച്ചു. അവധി ദിനമായ ഇന്നലെ വലിയ ഭക്തജനത്തിരക്കാണ് പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ അനുഭവപ്പെട്ടത്. 22ന് വിശിഷ്ട ഗ്രന്ഥങ്ങൾ വഹിച്ചു കൊണ്ടുള്ള രഥഘോഷയാത്രയും ഗ്രന്ഥമെഴുന്നള്ളത്തും പൂജവയ്പ്പും നടക്കും. 23ന് മഹാനവമി ദർശനം, 24ന് രാവിലെ നാലിന് ആണ് വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കുക. 21ന് ഉച്ചയ്ക്ക് 12ന് സാരസ്വതം സ്കോളർഷിപ്പ് വിതരണവും പുരസ്കാര സർപ്പണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവ്വഹിക്കും. നവരാത്രി മഹോത്സവത്തിന് ജില്ലയിലെ ക്ഷേത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കോട്ടയം തിരുനക്കര പടിഞ്ഞാറെ നട ഭക്തജന സമിതിയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തിരുനക്കര ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ ബൊമ്മക്കൊലു ഒരുക്കി. എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ പ്രശസ്ത കലാകാരന്മാരുടെയും കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറും.
ചിത്രം: രമേശ് കിടങ്ങൂർ.