പാലാ: പാലാ ജനറൽ ആശുപത്രിയിലെ സിസേറിയന് ശേഷം ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. അമ്പാറ ചിരട്ടയോലിപ്പാറ നല്ലൂർ പീതാംബരൻ-ഓമന ദമ്പതികളുടെ മകൾ ആര്യമോൾ(27) ആണ് മരിച്ചത്. പാലാ ജനറൽ ആശുപത്രിയിലെ സിസേറിയന് ശേഷം ഗുരുതരാവസ്ഥയിലായ ആര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ 22 നാണു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ ഐ സി യുവിൽ ജോലി ചെയ്തിരുന്ന താത്കാലിക നഴ്സിംഗ് ഓഫീസറായ ആര്യയെ പ്രസവത്തിനായി പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിസേറിയനിലൂടെ കുഞ്ഞിന് ജന്മം നൽകിയെങ്കിലും അമിത രക്തസ്രാവത്തെ തുടർന്ന് ആര്യയുടെ നില വഷളാകുകയായിരുന്നു. ഇതേത്തുടർന്ന് ആര്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആര്യയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു ബന്ധുക്കൾ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകി. ജന്മം നൽകിയ കണ്മണിയെ ഒരു നോക്ക് കാണാനാകാതെയാണ് ആര്യ യാത്രയാകുന്നത്.