നിപ്പ പ്രതിരോധം: 6 ഐസലേഷൻ മുറികളിലായി 12 കിടക്കകൾ, കോട്ടയം മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജം, ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ഇന്നു പ്രത്യേക യോഗം.


കോട്ടയം: സംസ്ഥാനത്ത് വീണ്ടും നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെയും പ്രതിരോധ പ്രവർത്തനങ്ങളുടെയും ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമായിക്കഴിഞ്ഞു. നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന്റെ ബിനിര്ദേശപ്രപാകരമാണ് മെഡിക്കൽ കോളേജിലും സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്. 6 ഐസൊലേഷൻ മുറികളാണ് ആദ്യ ഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജമാക്കിയിരിക്കുന്നത്. 6 ഐസൊലേഷൻ മുറികളിലാണ് 12 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. വെന്റിലേറ്റർ, ഡയാലിസിസ് സംവിധാനവുമുണ്ട്. അത്യാഹിതവിഭാഗത്തിനു മുകളിൽ നാലാം നിലയിലാണ് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഐസലേഷൻ മുറികൾ ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ വി.വിഘ്നേശ്വരിയുടെ അധ്യക്ഷതയിൽ ഇന്നു കോട്ടയം മെഡിക്കൽ കോളജിൽ പ്രത്യേക യോഗം ചേരും. ജില്ലയിൽ നിലവിൽ നിപ്പ കേസുകൾ ഒന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എസ്.ശങ്കർ, ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളാണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത്. പ്രതികൂല സാഹചര്യമുണ്ടായാൽ അതിനെ നേരിടാൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ പറഞ്ഞു. ഡോ. ജുബി ജോൺ ആണു പ്രതിരോധ പ്രവർത്തനങ്ങളുടെ നോഡൽ ഓഫിസർ.