മണ്ഡല-മകരവിളക്ക് തീർത്ഥാടനകാരം ആരംഭിക്കാൻ ഇനി 50 ദിവസങ്ങൾ, ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.


ശബരിമല: 2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്  പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കേരളത്തിൻ്റെ അഭിമാനമാണ് ശബരിമല തീർത്ഥാടനമെന്നും മന്ത്രി പറഞ്ഞു.മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നവംബർ 17ന് തുടക്കമാകും. അൻപതുലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ ഇതിലും വർധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ. കെ. അനന്തഗോപൻ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, കളക്ടർമാരായ  ഡോ.ദിവ്യ എസ്.അയ്യർ, വി. വിഗ്നേശ്വരി, ഡി.ഐ.ജി ആർ. നിശാന്തിനി .പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ്, റാന്നി - പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.