സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു, ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും, ജില്ലയിൽ കനത്ത മഴ, മലയോര മേഖലയിൽ പ്രത്യേക ജാഗ്രത.


കോട്ടയം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ കർണ്ണാടക തീരപ്രദേശത്തിന് മുകളിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിന് മുകളിലും വടക്കൻ മധ്യപ്രദേശിന്‌ മുകളിലുമായി ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മ്യാന്മാറിനും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത  24 മണിക്കൂറിനുള്ളിൽ ചക്രവാതച്ചുഴി മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിനും വടക്ക് കിഴക്കൻ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നലെ മുതൽ ജില്ലയിൽ കിഴക്കൻ മേഖലകളിലുൾപ്പടെ ശക്തമായ മഴയാണ്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ് എന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.