ഹരിത വിവാഹമൊരുക്കി നാടിന് മാതൃകയായി കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന.


മുണ്ടക്കയം: ഹരിത വിവാഹമൊരുക്കി നാടിന് മാതൃകയായി കൂട്ടിക്കല്‍ ഗ്രാമ പഞ്ചായത്തിലെ ഹരിതകര്‍മ്മ സേന. ഹരിതകര്‍മ്മസേന അംഗമായ ശ്യാമളയുടേയും കെ ജി ഗോപിയുടേയും മകനായ വിമലിന്‍റെ വിവാഹമാണ് ഹരിതാഭമായി നടത്തിയത്. വധു കോട്ടയം കാരാപ്പുഴ സ്വദേശിനി നീനുവാണ്. തെങ്ങോലകള്‍ മെടഞ്ഞ ആര്‍ച്ച്, കുരുത്തോല കൊണ്ടുള്ള അലങ്കാരപ്പണികള്‍, മാലിന്യം ശേഖരിക്കുവാന്‍ വല്ലങ്ങള്‍ എന്നിവ ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ഒരുക്കി. ആഹാരം വിളമ്പാന്‍ ഇലകളും വെള്ളം കൊടുക്കുവാന്‍ സ്റ്റീല്‍ ഗ്ളാസുകളും ഉപയോഗിച്ചു ആയിരുന്നു ഭക്ഷണം. വിളമ്പിയത് ഒരേ കളര്‍ സാരിയുടുത്ത് ഹരിതകേരളം എംബ്ലം വെച്ച  ബാഡ്ജ് ധരിച്ച ഹരിതകര്‍മ സേനാ അംഗങ്ങളാണ്. വധൂവരന്‍മാരെ തെങ്ങോല തൊപ്പിയണിയിച്ച് സ്വീകരിക്കുകയും വീട്ടുവളപ്പില്‍ വൃക്ഷ തൈ നടീക്കുകയും ചെയ്തു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് പച്ചക്കറി വിത്തുകള്‍ നല്‍കി. ചെറിയ വിവാഹ സത്കാരമാണെങ്കിലും മനസിന്‍റെ വലുപ്പം കൊണ്ട് ഹരിതമായി മാറ്റാന്‍ ഹരിതകര്‍മസേനാ അംഗം ആഗ്രഹം പറഞ്ഞതിനേ തുടര്‍ന്ന് കണ്‍സോര്‍ഷ്യം മീറ്റിങ്ങില്‍ തീരുമാനമെടുത്ത് നടപ്പിലാക്കുകയാണ് ചെയ്തത്‌. പഞ്ചായത്ത് പ്രസിഡന്‍റ് സിന്ധു എ.എസ്, വാര്‍ഡ് മെമ്പര്‍ ഹരിഹരന്‍ എം.വി മറ്റു ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ പിന്തുണയോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തത്. ജില്ലാ പഞ്ചായത്ത് അംഗം പി.ആര്‍ അനുപമ വധൂവരന്‍മാര്‍ക്ക് മംഗളാശംസകള്‍ നേര്‍ന്നു. വി ഇ ഒ പദ്മകുമാര്‍ പി.ജി, അസി.സെക്രട്ടറി സിന്ധുമോള്‍ കെ.കെ നവകേരളം കര്‍മപദ്ധതി റിസോഴ്സ്പേഴ്സണ്‍ അന്‍ഷാദ് ഇസ്മായില്‍, ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ സൈന ബഷീര്‍, കുടുബശ്രീ ചെയര്‍പേഴ്സണ്‍ ആശാ ബിജു എന്നിവര്‍പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.