പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലം: കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിആർപിഎഫ് അംഗങ്ങൾ, വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത് 20 മേശകൾ,അന്തിമ ഒരുക


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഒരുക്കങ്ങൾ പൂർണ്ണമായതായും വോട്ടെണ്ണലിനായി പൂർണ്ണ സജ്ജമാണെന്നും ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി പറഞ്ഞു. വ്യാഴാഴ്ച വോട്ടെണ്ണൽ കേന്ദ്രമായ ബസേലിയസ് കോളേജിൽ എത്തി ജില്ലാ കളക്ടർ ഒരുക്കങ്ങൾ വിലയിരുത്തി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിരുന്നു. മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. വോട്ടുകളും എണ്ണും. മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി  13 റൗണ്ടുകളായാണ്  ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ നടക്കുക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന  ക്രമത്തിലായിരിക്കും എണ്ണുക. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.