പുതുപ്പള്ളിയുടെ മനസ്സിലാര്? കണക്കുകൂട്ടലുകളിൽ മുന്നണികൾ, വിജയ പ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ, പുതുപ്പള്ളിയുടെ ജനനായകൻ ഇന്നറിയാം.

പുതുപ്പള്ളി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തപ്പെട്ട ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം. ഇന്ന് രാവിലെ 8 മണിക്ക് കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ വോട്ടെണ്ണൽ ആരംഭിക്കും. യു ഡി എഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജെയിക് സി തോമസും എൻ ഡി എ സ്ഥാനാർത്ഥിയായി ലിജിൻ ലാലുമാണ് മത്സരിക്കുന്നത്. പോളിംഗ് ശതമാനം അനുസരിച്ചുള്ള കണക്കുകൂട്ടലുകളിൽ മുന്നണികളും നേതാക്കളും മുഴുകുമ്പോൾ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പിച്ചിരിക്കുന്ന യു ഡി എഫ്. അതേസമയം പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങൾക്കൊപ്പമാണെന്നു ഉറപ്പിച്ചു പറയുകയാണ് എൽ ഡി എഫ്. മുൻ വര്ഷങ്ങളിലേക്കാൾ കൂടുതൽ വോട്ട് നേടി വോട്ട് കോട്ട ശക്തിപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് എൻ ഡി എ. ആം ആദ്മി പാർട്ടിയുടെ ലൂക്ക് തോമസ് അടക്കം 4 സ്ഥാനാർഥികൾ കൂടി മത്സരരംഗത്തുണ്ട്. കഴിഞ്ഞ 53 വര്ഷം പുതുപ്പള്ളി ഉമ്മൻ ചാണ്ടിയെയും ഒപ്പം യു ഡി എഫിനെയും കൈവിടാതെ ഒപ്പമുണ്ടായിരുന്നു. ഈ വിശ്വാസമാണ് യു ഡി എഫ് നേതാക്കൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നത്.