പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ രാവിലെ എട്ടുമുതൽ; ആദ്യ ഫലസൂചനകൾ എത്തിത്തുടങ്ങുന്നത് അയർക്കുന്നത്ത്‌ നിന്നും.

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന് രാവിലെ 8 മണിക്ക് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു. വോട്ടെണ്ണൽ ആരംഭിക്കുന്ന ആദ്യ മണിക്കൂറിൽ ആദ്യ ഫലസൂചനകൾ എത്തിത്തുടങ്ങുന്നത് അയർക്കുന്നത്ത്‌ നിന്നുമാണ്. അയർക്കുന്നം പുന്നത്തുറ സെന്റ്‌ ജോസഫ്‌ എച്ച്‌എസിലെ ബൂത്തിലെ വിവരങ്ങളാണ്‌ ആദ്യം പുറത്ത്‌ വരിക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന  ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും.  13 റൗണ്ടുകളായി വോട്ടിങ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. തോട്ടയ്‌ക്കാട്‌ പൊങ്ങന്താനം അപ്പർ പ്രൈമറി സ്‌കൂളിലെ വിവരങ്ങളാണ്‌ ഒടുവിൽ അറിയുക.