യു.ഡി.എഫ്. വലിയ വിജയം നേടി ഉമ്മൻ‌ ചാണ്ടിയുടെ പുതുപ്പള്ളി നിലനിർത്തും എന്നതിൽ സംശയമില്ല: ചാണ്ടി ഉമ്മൻ.


കോട്ടയം: യു.ഡി.എഫ്. വലിയ വിജയം നേടി ഉമ്മൻ‌ ചാണ്ടിയുടെ പുതുപ്പള്ളി നിലനിർത്തും എന്നതിൽ സംശയമില്ല എന്ന് ഉമ്മൻ ചാണ്ടിയുടെ മകനും യു ഡി എഫ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ. പുതുപ്പള്ളി ജോർജ്ജിയൻ പബ്ലിക്ക് സ്കൂളിലെ 126-ാം ബൂത്തിലെത്തി കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ. കഴിഞ്ഞ 53 വർഷമായി പുതുപ്പള്ളി ഉമ്മൻ ചാണ്ടിയിൽ അർപ്പിച്ച വിശ്വാസം വാക്കുകൾക്ക് അതീതമാണ് എന്നും ഉമ്മൻ ചാണ്ടി എന്ന നേതാവ് പകർന്നു തന്ന ജനപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തും വിശ്വാസ്യതയും സത്യസന്ധതയും സുതാര്യതയും പിന്തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പിതാവ് നടപ്പിലാക്കിയ ജനപക്ഷ രാഷ്ട്രീയത്തിന്റെ തുടർച്ചയുണ്ടാവും. തുടങ്ങി വച്ച ധാരാളം കാര്യങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്‌. പുതിയ സാധ്യതകൾ ചർച്ച ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.