ഇന്ത്യയിലെ തന്നെ നീളം കൂടിയ ക്യാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് വാഗമണ്ണിൽ.

കോട്ടയം: ഇടുക്കി-കോട്ടയം ജില്ലയുടെ അതിർത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിര്‍മിച്ച കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വിനോദസഞ്ചാരമേഖലയിൽ മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ സാഹസിക വിനോദങ്ങൾക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ലോകത്ത് വിനോദ സഞ്ചാര മേഖലയിൽ സാഹസിക വിനോദങ്ങൾ അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് കേരളത്തിലാണ് എന്നത് അഭിമാനകരമാണ്. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ , സ്വകാര്യവ്യക്തികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പദ്ധതികൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വാഗമണ്ണിലെ ഗ്ളാസ് ബ്രിഡ്ജ് ഇപ്പോൾത്തന്നെ ട്രെൻഡായിക്കഴിഞ്ഞു.ടൂറിസം മേഖലയിൽ സ്വകാര്യ നിക്ഷേപം കൂടുതലായി നടപ്പിലാക്കിയാൽ ഇടുക്കിയിലാകും മികച്ച കുതിപ്പ് ഉണ്ടാകുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അനവധി ടൂറിസം ഡെസ്റ്റിനേഷനുകളുണ്ട്. ഇവയുടെ വളർച്ചക്കാണ് ഡെസ്റ്റിനേഷൻ ചലഞ്ച് സംഘടിപ്പിച്ചത്. 60 ശതമാനം ടൂറിസം വകുപ്പും 40 ശതമാനം തദ്ദേശസ്ഥാപനങ്ങളും മുതൽ മുടക്കി ടൂറിസം ഡെസ്റ്റിനേഷനുകൾ വികസിപ്പിക്കുന്നതിന് പദ്ധതി നടപ്പിലാക്കി വരുകയാണെന്നും മന്ത്രി പറഞ്ഞു. വാഗമണ്ണിൽ ഒരു കംഫർട്ട്സ്റ്റേഷൻ യുദ്ധകാല അടിസ്ഥാനത്തിൽ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ വാഴൂര്‍ സോമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എം മണി എം.എൽ.എ മുഖ്യാതിഥിയായി.