പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് സുഗമം, മാതൃകാപരം.


കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് സുഗമവും മാതൃകാപരവുമായി പൂർത്തീകരിച്ചു. രാവിലെ ആറുമണിക്ക് മോക്ക് പോൾ ആരംഭിച്ചതുമുതൽ പോളിങ് ഏറെ സമാധാനപരമായിരുന്നു. വോട്ടിംഗ്‌ യന്ത്രങ്ങൾ എല്ലാം തന്നെ തകരാറുകളില്ലാതെ പ്രവർത്തിച്ചത് പോളിങ് സുഗമമാക്കി.വോട്ട് ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഓരോ പോളിങ് ബൂത്തിലും ഒരുക്കിയിരുന്നു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് അടക്കമുള്ള നിരീക്ഷണസംവിധാനങ്ങളും ഒരുക്കിയിരുന്നു. വനിതകൾ പൂർണമായും പോളിങ് നടപടികൾ നിയന്ത്രിച്ച 10 പിങ്ക് പോളിങ് ബൂത്തുകളിലും വോട്ടിങ് സുഗമമായി തന്നെ നടന്നു. മാതാപിതാക്കളോടൊപ്പം പോളിങ് ബൂത്തുകളിലെത്തിയ കുട്ടികൾക്ക് ചെറുധാന്യങ്ങൾ ചേർത്തുണ്ടാക്കിയ പലഹാരപ്പൊതികൾ നൽകിയ വോട്ടർബോധവൽക്കരണ പരിപാടി സ്വീപിന്റെ പദ്ധതിയും ഏറെ ശ്രദ്ധ നേടി. ബൂത്തുകളിലെത്തിയ കുട്ടികളെ ബലൂണുകൾ നൽകി സ്വീകരിച്ച വോളണ്ടിയർമാരും തെരഞ്ഞെടുപ്പു ബൂത്തുകൾക്ക് ഉത്സവപ്രതീതി നൽകി. ശുചീകരണപ്രവർത്തനങ്ങളുമായി ഹരിതകർമസേനയും മാലിന്യമുക്ത പോളിങ് നടപടികൾക്കു കരുത്തായി.