മുണ്ടക്കയത്ത് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ അപകടം, ബസ്സിന്‌ പിന്നിൽ ബസ്സ് ഇടിച്ചു 30 ലധികം പേർക്ക് പരിക്ക്.


മുണ്ടക്കയം: മുണ്ടക്കയത്ത് സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനിടെ അപകടം. സ്വകാര്യ ബസ്സിന്‌ പിന്നിൽ മറ്റൊരു സ്വകാര്യ ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ 30 ലധികം പേർക്ക് പരിക്കേറ്റു. മുണ്ടക്കയം കോരുത്തോട് പനക്കച്ചിറ പാലത്തിനു സമീപം ഇന്നലെ വൈകിട്ടാണ് അപകടം ഉണ്ടായത്. മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന ഇരു ബസ്സുകൾ തമ്മിലായിരുന്നു മത്സരയോട്ടം. മുൻപിൽ പോയ സ്വകാര്യ ബസ്സിനെ മറികടക്കാൻ പലതവണ പിന്നാലെത്തിയ സ്വകാര്യ ബസ്സ് ശ്രമിച്ചിരുന്നു. ബസ്സുകളിൽ യാത്ര ചെയ്തിരുന്ന സ്‌കൂൾ വിദ്യാർത്ഥികളുൾപ്പടെയുള്ള 30 ലധികം പേർക്കാണ് അപകടത്തിൽ നിസ്സാര പരിക്കുകളുള്ളത്. പെട്ടന്നുണ്ടായ അപകടത്തിൽ കമ്പിയിൽ തലയിടിച്ചും ബസ്സിനുള്ളിൽ വീണും ബസ്സിന്റെ ചില്ല് തെറിച്ചും യാത്രക്കാർക്ക് പരിക്കുണ്ട്.