പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറകള്‍ മാത്രം ശേഷിക്കവേ ഇരുമുന്നണികളും വിജയ പ്രതിക്ഷയില്‍, കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയി


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറകള്‍ മാത്രം ശേഷിക്കവേ ഇരുമുന്നണികളും വിജയ പ്രതിക്ഷയിളാണ്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും നേതാക്കളും പറയുമ്പോൾ വിജയം ആവർത്തിച്ചുറപ്പിച്ചു പറയുകയാണ് എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസ്. മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ വോട്ട് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി സ്ഥാനാർഥി ലിജിൻ ലാൽ. യു.ഡി.എഫ് ക്യാമ്പിനെ ഞെട്ടിക്കുന്ന ഫലമാവും ഇത്തവണ പുതുപ്പള്ളിയിൽ ഉണ്ടാവുക എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. പോളിങ് കുറഞ്ഞത് ഭൂരിപക്ഷം കുറയാനിടയാക്കുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍. വിജയം ഉറപ്പാണ് എന്നാണ് യു ഡി എഫ് നേതാക്കളുടെ വിലയിരുത്തൽ. പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.86 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. 1,76,412 വോട്ടർമാരിൽ 1,28,535 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,078 പേരും 90,277 സ്ത്രീകളിൽ 64,455 പേരും നാലു ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റൽ ബാലറ്റ് മുഖേന 2491 അസന്നിഹിത വോട്ടർമാർ (80 വയസിനുമുകളിലുള്ളവർ, ഭിന്നശേഷിക്കാർ) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രോണിക് ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സംവിധാനം (ഇ.റ്റി.പി.ബി.എസ്.) വഴി 138 സർവീസ് വോട്ടർമാർക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു. ഇ.റ്റി.പി.ബി.എസ് വോട്ട് എണ്ണം വോട്ടെണ്ണൽ ദിനത്തിലേ അറിയൂ. അസന്നിഹിത വോട്ടർമാരുടെ പോളിങും ഇ.റ്റി.പി.ബി.എസ്. പോളിങും 72.86 എന്ന ശതമാനക്കണക്കിൽ ഉൾപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച വോട്ടെടുപ്പു ദിനത്തിൽ മാത്രം നടന്ന പോളിങ് കണക്കാണത്.