'അച്ഛൻ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടർന്ന്', ഞങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായത്, കോട്ടയത്ത് വ്യാപാരിയുടെ ആത്മഹത്യയിൽ കർണാടക ബാങ്കിനെതി


കോട്ടയം: കോട്ടയത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കോട്ടയം അയ്മനം കുടയംപടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) ആണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. അച്ഛൻ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ആണെന്നും നാണക്കേടുകൊണ്ടാണ് അച്ഛൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. കർണാടക ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിൽ നിന്നും ബിനു 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ 2 മാസത്തെ തവണകൾ മാത്രമാണ് മുടങ്ങിയിരുന്നത്. ഇതേത്തുടർന്ന് ബാങ്ക് മാനേജരും ജീവനക്കാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ പറഞ്ഞു. നിരന്തരമായുള്ള ഫോൺ വിളികൾ കൂടാതെ വീട്ടിലും കടയിലും എത്തിയിരുന്നതായും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. തിരിച്ചടവ് മുടങ്ങിയ 2 തവണകൾ കഴിഞ്ഞ ദിവസം അടച്ചു തീർത്തതാണ് ഈ മാസത്തെ തുക അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല എന്നും മകൾ പറഞ്ഞു. ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്ന് പിതാവ് വായ്പ എടുത്തിരുന്നതായും മുഴുവൻ തുകയും തിരിച്ചു അടച്ചിരുന്നതാണെന്നും ബിനുവിന്റെ കുടുംബം പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനാൽ കടയിൽ നിന്നും സാധനങ്ങൾ എടുത്തുകൊണ്ടു പോകുമെന്ന് മാനേജർ പറഞ്ഞിരുന്നതായും ഒരു ദിവസം രാവിലെ എത്തിയ ബാങ്കിന്റെ ജീവനക്കാരൻ വൈകുന്നേരം വരെ കടയിൽ നിന്നതിനു ശേഷമാണ് തിരികെ പോയതെന്നും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു. വ്യാപാര ആവശ്യങ്ങൾക്കായാണ് 5 ലക്ഷം രൂപ വായ്പ എടുത്തത്. മാസം 14000 രൂപയായിരുന്നു തിരിച്ചടവ്. വ്യാപാരത്തിലെ മാന്ദ്യം കാരണം 2 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള നിരന്തര ഭീഷണിയിൽ മാനസികമായി തളർന്നിരിക്കുകയായിരുന്നു ബിനു. 2 മാസത്തെ കുടിശിക കഴിഞ്ഞ ദിവസം അടച്ചു തീർത്തിരുന്നു. തുടർന്ന് ഈ മാസത്തെ തവണയായി 14000 രൂപ കൂടി ഈ മാസം 24 നു അടയ്ക്കണമെന്ന് ബാങ്ക് ജീവനക്കാർ പറയുകയായിരുന്നു. രണ്ടു മാസത്തെ തുക അടച്ചുതീർത്ത സ്ഥിതിക്ക് ഈ മാസത്തെ അടയ്ക്കാൻ കുറച്ചുകൂടി സാവകാശം തന്നുകൂടേ എന്നും മകൾ ചോദിച്ചു. ഞങ്ങളുടെ ഏക ആശ്രയമാണ് നഷ്ടമായത്, ഇവർക്കും കുടുംബം ഉള്ളതല്ലേ ഞങ്ങൾക്ക് നഷ്ടമായത് തിരികെ നൽകാൻ ബാങ്കിന് സാധിക്കുമോ എന്നും മകൾ നന്ദന മാധ്യമങ്ങളോട് പറഞ്ഞു.