കോട്ടയം: കോട്ടയത്ത് വായ്പ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ബാങ്കിന്റെ ഭീഷണിയെ തുടർന്ന് വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടക ബാങ്ക് കോട്ടയം ബ്രാഞ്ചിന് മുൻപിൽ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. കോട്ടയം അയ്മനം കുടയംപടിയിൽ വ്യാപാര സ്ഥാപനം നടത്തുന്ന ബിനു കെ.സി. (50) ആണ് ഇന്നലെ ഉച്ചയോടെ ആത്മഹത്യ ചെയ്തത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുടുംബാംഗങ്ങൾ മൃതദേഹവുമായി കർണാടകം ബാങ്കിന് മുൻപിൽ എത്തുകയായിരുന്നു. വൻ പോലീസ് സന്നാഹമാണ് ബാങ്ക് പരിസരത്ത് ഉണ്ടായിരുന്നത്. സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാർക്കെതിരെയും ബാങ്കിനെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ ബാങ്കിലേക്ക് മാർച്ച് നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ബാങ്കിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. അച്ഛൻ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ നിരന്തര ഭീഷണിയെ തുടർന്ന് ആണെന്നും നാണക്കേടുകൊണ്ടാണ് അച്ഛൻ ഇങ്ങനെ ഒരു കടുംകൈ ചെയ്തതെന്നും ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. ബാങ്ക് ജീവനക്കാർക്കെരിരെ കേസ് എടുക്കണമെന്നും ജെയിക് സി തോമസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയെ ജില്ലാ കളക്ടറോ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കണമെന്നും ജെയിക് സി തോമസ് പറഞ്ഞു. ഡി വൈ എഫ് ഐ യുടെ പ്രതിഷേധം പ്രകോപനകരമാകുകയും ബാങ്കിന് നേരെ കല്ലേറ് ഉണ്ടാകുകയും ചെയ്തു. പോലീസ് സ്ഥലത്ത് ബാരിക്കേഡ് തീർത്തു. കർണാടക ബാങ്കിന്റെ കോട്ടയം ബ്രാഞ്ചിൽ നിന്നും ബിനു 5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കഴിഞ്ഞ 2 മാസത്തെ തവണകൾ മാത്രമാണ് മുടങ്ങിയിരുന്നത്. ഇതേത്തുടർന്ന് ബാങ്ക് മാനേജരും ജീവനക്കാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി മകൾ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയ 2 തവണകൾ കഴിഞ്ഞ ദിവസം അടച്ചു തീർത്തതാണ് ഈ മാസത്തെ തുക അടയ്ക്കാൻ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല എന്നും മകൾ പറഞ്ഞു. ഇതിനു മുൻപും ഇതേ ബാങ്കിൽ നിന്ന് പിതാവ് വായ്പ എടുത്തിരുന്നതായും മുഴുവൻ തുകയും തിരിച്ചു അടച്ചിരുന്നതാണെന്നും ബിനുവിന്റെ കുടുംബം പറഞ്ഞു. വ്യാപാരത്തിലെ മാന്ദ്യം കാരണം 2 മാസമായി തിരിച്ചടവ് മുടങ്ങിയിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കിന്റെ ഭാഗത്തു നിന്നുമുള്ള നിരന്തര ഭീഷണിയിൽ മാനസികമായി തളർന്നിരിക്കുകയായിരുന്നു ബിനു. 2 മാസത്തെ കുടിശിക കഴിഞ്ഞ ദിവസം അടച്ചു തീർത്തിരുന്നു. തുടർന്ന് ഈ മാസത്തെ തവണയായി 14000 രൂപ കൂടി ഈ മാസം 24 നു അടയ്ക്കണമെന്ന് ബാങ്ക് ജീവനക്കാർ പറയുകയായിരുന്നു.