'ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’എന്ന പ്രയോഗം വേദനിപ്പിച്ചു: സൈബർ ആക്രമണത്തിൽ പരാതി നൽകി ജെയിക്. സി. തോമസിന്റെ ഭാര്യ ഗീതു തോമസ്.


കോട്ടയം: സമൂഹമാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണത്തിനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് എത്തി പരാതി നൽകി ഗീതു തോമസ്. പുതുപ്പള്ളി എൽ ഡി എഫ് സ്ഥാനാർഥിയായ ജെയിക് സി തോമസിന്റെ ഭാര്യയാണ് ഗീതു തോമസ്. വീടിന്റെ അടുത്ത ഇടങ്ങളിൽ ജെയിക്കിനായി വോട്ട് അഭ്യർത്ഥിക്കുന്ന ഭാര്യ ഗീതുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഗർഭിണിയെന്നു അവകാശപ്പെടുന്ന ഭാര്യയെ ഉപയോഗിച്ച് സഹതാപമുണ്ടാക്കി വോട്ട് നേടാൻ ശ്രമിക്കുന്നു എന്നുമാണ് വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്നത്. ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ എന്ന പ്രയോഗം ഒൻപതു മാസം ഗർഭിണിയായ ഒരു സ്ത്രീ എന്ന നിലയിൽ തന്നെ ഏറെ വേദനിപ്പിച്ചതായും ഇക്കാരണത്താലാണ് ഈ സാഹചര്യത്തിലും നേരിട്ട് എത്തി പരാതി നൽകിയത് എന്നും ഗീതു മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമാണെന്നും ഗീതു പറഞ്ഞു.