ജനവിധിക്കൊരുങ്ങി പുതുപ്പള്ളി, വോട്ടെടുപ്പ് നാളെ രാവിലെ 7 മണി മുതൽ.


പുതുപ്പള്ളി: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളി ജനാവിധിക്കൊരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു ഉപതെരഞ്ഞെടുപ്പ് ആണ് പുതുപ്പള്ളിയിൽ നടക്കുന്നത്. വോട്ടെടുപ്പ് നാളെ രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകിട്ട് 6 മണി വരെയാണ് പോളിംഗ് സമയം. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർണ്ണമായതായി ഇന്നലെ കളക്ടറേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ കളക്ടർ വി. വിഘ്‌നേശ്വരി പറഞ്ഞു. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ 7നു കോട്ടയം ബസേലിയസ് കോളജിൽ ആരംഭിച്ചു. ആകെ 182 പോളിംഗ് സ്റ്റേഷനുകളാണുള്ളത്.  പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്കു നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 6 വരെ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കും. പാമ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൂർ സെൻട്രൽ എൽപി സ്കൂളിലെ 91,92,93,94 നമ്പർ ബൂത്തുകൾ അതീവ ജാഗ്രതാ ബൂത്തുകളാണെന്നും ഇവിടെ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പറഞ്ഞു.