സപ്ലൈകോ ഓണം ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും.


തിരുവനന്തപുരം: ഉത്സവകാലത്തെ കമ്പോള ഇടപെടൽ ശക്തമാക്കി ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിത്യോപയോഗ സാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനും പൊതു വിപണി വില നിയന്ത്രിക്കുന്നതിനും സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ നടത്തും. സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം 18ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ആദ്യവിൽപ്പന നടത്തും. പൊതു വിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാൻഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിർവഹിക്കും. ശശി തരൂർ എം.പി, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ രാജു, എന്നിവർ പങ്കെടുക്കും. സപ്ലൈകോ ഓണം ജില്ലാ ഫെയറുകളിൽ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് 5 മുതൽ 50 ശതമാനം വരെ വിലക്കുറവും വിവിധ ഉൽപ്പന്നങ്ങളുടെ കോംബോ ഓഫറും ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ ഓണം ഫെയർ ആഗസ്റ്റ് 28 വരെയുണ്ടാകും. താലൂക്ക് ഫെയറുകൾ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ ആഗസ്റ്റ് 23 മുതൽ ആഗസ്റ്റ് 28 വരെയും വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടക്കും. എല്ലാ താലൂക്ക് ഫെയറുകളും രാവിലെ 9 മുതൽ രാത്രി 9 വരെയും മിനി ഫെയറുകൾ രാവിലെ 10 മുതൽ രാത്രി 8 വരെയും ഇടവേളയില്ലാതെ പ്രവർത്തിക്കും.