കോട്ടയത്ത് ഹോട്ടൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് ദാരുണാന്ത്യം, അപകടം കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിൽ.


കോട്ടയം: കോട്ടയത്ത് ഹോട്ടൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് ദാരുണാന്ത്യം. പായിപ്പാട് പള്ളിക്കച്ചിറ കവല കല്ലൂപ്പറമ്പിൽ ജിനോ കെ.ഏബ്രഹാം (42) ആണു മരിച്ചത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാജധാനിയുടെ മൂന്നാം നിലയിൽ നിന്നുമാണ് കോൺക്രീറ്റ് അടർന്ന് വീണത്. കെട്ടിടത്തിന്റെ താഴെ നിൽക്കുകയായിരുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനായ ജിനോയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ലോട്ടറി കട പ്രവർത്തിക്കുന്നത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം ഉണ്ടായത്. കടയടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനായി പുറത്തേക്ക് ഇറങ്ങിയ ജിനോയുടെ ദേഹത്തേക്ക് കോൺക്രീറ്റ് അടർന്ന് വീഴുകയായിരുന്നു. 28 അടിയോളം മുകളിൽ നിന്നാണു കോൺക്രീറ്റ് ഭാഗം അടർന്നുവീണത്. ഉടൻ തന്നെ സമീപത്തുള്ളവർ ഓടിയെത്തി കോൺക്രീറ്റ് മാറ്റി ജിനോയെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ കെ.ജെ.ഏബ്രഹാം, അമ്മ: ഫിലോമിന. ഭാര്യ: ഷീജ. മക്കൾ: അഡോൺ, അക്സ.