ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്.


ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പട്ടിത്താനം കൂന്താർ മണിയേൽ രാജുവിന്റെ മകൻ രാഹുൽ (34) ആണു മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ തവളക്കുഴിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ സഹയാത്രികനായ തച്ചിരവേലിൽ പോൾ ജോസഫ് (38) ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഏറ്റുമാനൂർ ഭാഗത്തുനിന്ന് പട്ടിത്താനം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൽ എതിരെ വന്ന ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ബസിനടിയിൽ പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.