ഉപതെരഞ്ഞെടുപ്പ്: യുവ പോരാട്ടത്തിന് വേദിയായി പുതുപ്പള്ളി, പ്രചാരണം ശക്തം.


പുതുപ്പള്ളി: രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ പുതുപ്പള്ളി വേദിയാകുന്നത് യുവ പോരാട്ടത്തിന്. മൂന്നു മുന്നണികളിലും യുവരക്തങ്ങളാണ് പോരാട്ട വേദിയിലുള്ളത്. ഉപതെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കവേ ശക്തമായ പ്രചാരണ പരിപാടികളിലാണ് മുന്നണികൾ. എൽ ഡി എഫ് സ്ഥാനാർഥി ജെയിക് സി തോമസും യു ഡി എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും പ്രചരണത്തിൽ വേഗത്തിൽ മുന്നേറുകയാണ്. ബി ജെ പി സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും ചടുലമായ പ്രചാരണ പരിപാടികളിൽ സജീവമാണ് മുന്നണി. വീടുകൾ കയറിയുള്ള പ്രചാരണവും മണ്ഡലം കൺവെൻഷനുകളും ആരംഭിച്ചു കഴിഞ്ഞു. ശക്തമായ ത്രികോണ മത്സര പോരാട്ടത്തിന് വേദിയാകുകയാണ് പുതുപ്പള്ളി. സ്വാതന്ത്ര്യ ദിനമായ ഇന്നലെ വിവിധയിടങ്ങളിൽ സ്ഥാനാർത്ഥികൾ പതാകയുയർത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തി മുന്നണികളുടെ മുതിർന്ന നേതാക്കൾ ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ബി ജെ പി സ്ഥാനാർഥി ലിജിൻ ലാലിന് വേണ്ടി അനിൽ ആന്റണി പുതുപ്പള്ളിയിൽ പ്രചാരണം ആരംഭിച്ചു.