പുതുപ്പള്ളിയിൽ അനധികൃതമായി സ്ഥാപിച്ച 72 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു.


പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ച 72 പ്രചാരണ സാമഗ്രികൾ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ നീക്കം ചെയ്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരുന്ന 50 പോസ്റ്ററുകളും ആറ് ബാനറുകളും 16 കൊടിതോരണങ്ങളുമാണ് നീക്കം ചെയ്തത്. പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രചാരണങ്ങള്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോയെന്നു പരിശോധിക്കുന്നതിനായി നിലവില്‍ നാലു സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. നാലു സ്‌ക്വാഡുകളിലായി 12 പേരാണ് പ്രവര്‍ത്തിക്കുന്നത്. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്മെന്റുകള്‍, പൊതുയോഗങ്ങള്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിച്ചാണോ സ്ഥാപിച്ചതെന്നും സംഘടിപ്പിക്കുന്നതെന്നും സ്‌ക്വാഡ് പരിശോധിക്കും. പൊതുസ്ഥലങ്ങളില്‍ പ്രചാരണ പോസ്റ്ററുകളും ബാനറുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. മാതൃകാ പെരുമാറ്റചട്ടത്തിന് വിരുദ്ധമായി പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലമുടമയുടെ അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിലും സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയസ്വഭാവമുള്ള പ്രചാരണ സാമഗ്രികള്‍ സ്‌ക്വാഡുകള്‍ നീക്കും. ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുന്നതിന് നടപടി സ്വീകരിക്കും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ് ആന്റീ ഡീഫേസ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.