കോട്ടയം: മൂന്നരക്കോടി രൂപ മുടക്കി റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്ന പരിപ്പ് പാലത്തിന്റെ നിർമാണം പൂർത്തിയായി. ടാറിംഗ് ജോലികൾ കൂടി പൂർത്തിയാകുന്നതോടെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. പൂർത്തിയായ പാലം സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവൻ സന്ദർശിച്ചു. കാലപ്പഴക്കവും വീതി കുറവും മൂലം പഴയ പാലം പൊളിച്ച് പുനർനിർമിക്കുകയായിരുന്നു. 10.5 മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലുമാണ് പുതിയ പാലം പുനർനിർമിച്ചത്. ഏറ്റുമാനൂർ നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന ഏട്ട് റോഡുകൾ റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ 121. 11 കോടി മുടക്കിയാണ് നവീകരിക്കുന്നത്്. ഈ വികസനപദ്ധതികളുടെ ഭാഗമാണ് ഭാഗമാണ് അയ്മനം-പരിപ്പ് പാലം പുനർനിർമാണം. പാലം പണി പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ പ്രദേശത്തെ പാടശേഖരങ്ങളിലെ നെല്ല് സംഭരണം സുഗമമാക്കാനാകും. പ്രദേശവാസികൾക്ക് മെഡിക്കൽകോളജ് അടക്കമുള്ള സ്ഥലങ്ങളിലേയ്ക്കുള്ള യാത്രയും പാലം പൂർത്തിയാകുന്നതോടെ എളുപ്പമാകും. ജില്ലയിലെ ടൂറിസം രംഗത്തെ വികസനത്തിനും പാലം വരുന്നത് മുതൽക്കൂട്ടാകും. ഈ വർഷം ഫെബ്രുവരി ആദ്യമാണ് പാലം പൊളിക്കൽ നടപടികൾ ആരംഭിച്ചത്. പാലം പൊളിച്ചപ്പോഴുള്ള യാത്രാക്ലേശം ഒഴിവാക്കാൻ സമീപത്ത് അനുബന്ധ റോഡ് ചിറകെട്ടി തീർത്തിരുന്നു.