മൂലേക്കടവ് പാലം നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു.


കോട്ടയം: കോട്ടയം ജില്ലയിലെ ചെമ്പ്-മറവൻതുരുത്ത് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമിക്കുന്ന മൂലേക്കടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. നിലവിൽ കടത്ത് വള്ളത്തെ ആശ്രയിച്ചാണ് ഇവിടെ ഗതാഗതം. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ പാലത്തിന്റെ നിർമാണത്തിനായി 21.10 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.പാലത്തിന്റെ സമീപന റോഡിന്റെ നിർമ്മാണത്തിനായി 1.8 ഏക്കർ വസ്തുവാണ് ഏറ്റെടുക്കുന്നത്. ചെമ്പ്, കുലശേഖരമംഗലം എന്നീ വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുക്കുന്നത്. വാളംപള്ളി ഭാഗത്ത് 75 മീറ്ററും ഏനാദി ഭാഗത്ത് 65 മീറ്ററുമുള്ള സമീപന റോഡുകളും സർവീസ് റോഡുകളുമാണ് പദ്ധതിയിലുള്ളത്. പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ചെമ്പ്, എനാദി എന്നീ പ്രദേശങ്ങളെ മറവൻതുരുത്ത്, പാലാംകടവ്, ടോൾ, ചുങ്കം, തലയോലപറമ്പ് എന്നീ പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നതിതോടൊപ്പം ബ്രഹ്‌മമംഗലം, ഏനാദി നിവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാ ദുരിതത്തിന് അറുതിയാകും.മൂവാറ്റുപുഴയാറിന് കുറുകെ 210 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും ഏഴ് സ്പാനുകളോടും കൂടിയാണ് പാലത്തിന്റെ നിർമാണം. കെ.ടി മാത്യു ആൻഡ് കമ്പനി ലിമിറ്റഡ് എന്ന കൺസ്ട്രക്ഷൻ സ്ഥാപനമാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്. 20 മാസമാണ് നിർമാണ കാലാവധി. ഫെബ്രുവരി മാസം നിർമാണം ആരംഭിച്ച പാലത്തിന്റെ പൈലിങ് ജോലികൾ പൂർത്തീകരിച്ചു കഴിഞ്ഞു.