ചങ്ങനാശ്ശേരി: മോദി സര്‍ക്കാരിന്റെ ന്യൂനപക്ഷ വേട്ടക്കെതിരേ ശക്തമായ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത കുടുംബ മാഗസിന്‍. ചങ്ങനാശ്ശേരി അതിരൂപതയുടെ കുടുംബ മാഗസിനായ കുടുംബജ്യോതി ഓഗസ്റ്റ് ലക്കത്തിലാണ് മോദി ഭരണത്തിനും ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമെതിരേ നിശിത വിമര്‍ശനം ഉന്നയിക്കുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈസ്റ്റർ ദിനത്തിൽ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളും സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചു സൗഹാർദ്ദം സ്ഥാപിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ഈ സൗഹൃദം സഭ പൂര്‍ണമായും തള്ളിയിരിക്കുകയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. സി​റോ മ​ല​ബാ​ർ സ​ഭ​യി​ലെ പ്ര​ധാ​ന അ​തി​രൂ​പ​ത​ക​ളി​ലൊ​ന്നായ ചങ്ങനാശ്ശേരി അതിരൂപത പ്രസിദ്ധീകരിക്കുന്ന കുടുംബ പ്രസിദ്ധീകരണമായ കുടുംബജ്യോതി അതിരൂപതയ്ക്ക് കീഴിലുള്ള ഇടവകകളിലെ ഭൂരിഭാഗം ഭവനങ്ങളിലും എത്തുന്നുണ്ട്. ഓഗസ്റ്റ് ലക്കം കുടുംബജ്യോതിയിലാണ് മോദി ഭരണത്തിനും ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടകള്‍ക്കുമെതിരേ നിശിത വിമര്‍ശനം ഉന്നയിക്കുന്ന ആറ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ക്രൈസ്തവ സഭകളുടെ ബി ജെ പി കൂടുതൽ അടുക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിനെതിരെയും ബി ജെ പി ക്കെതിരെയും ആഞ്ഞടിച്ചു ചങ്ങനാശ്ശേരി രൂപത രംഗത്തെത്തിയിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതയുടെ രാഷ്ട്രീയ നിലപാടുകൾ എന്നും സഭാ നേതൃത്വം ഗൗരവത്തോട് കൂടിയാണ് എടുത്തിട്ടുള്ളത്.  വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നേടി ഭരണം പിടിച്ചതു പോലെ കേരളത്തിലും രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ബി.ജെ.പി ശ്രമിച്ചു എന്നും ലേഖനത്തിൽ പറയുന്നു. മണിപ്പൂര്‍ വിഷയം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ വിഷയങ്ങൾ ലേഖനങ്ങളിൽ എടുത്തു പറയുന്നുണ്ട്. എസ്ബി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ.ഡോ.ജോസ് ജോര്‍ജ്ജ് ആണ് കുടുംബ ജ്യോതി മാഗസിന്റെ ചീഫ് എഡിറ്റര്‍. ബിഷപ്പുമാരായ മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത് എന്നിവര്‍ പത്രാധിപ സമിതിയിലുണ്ട്. മണിപ്പൂര്‍ വിഷയം കേന്ദ്ര സര്‍ക്കാരിന് എതിരെ ക്രൈസ്തവര്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്ന പ്രതിഷേധമാണ് ലേഖനങ്ങളിലൂടെ പുറത്ത് വരുന്നത്. ഈസ്റ്റർ ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപത-കാഞ്ഞിരപ്പള്ളി രൂപത സഭാ അധ്യക്ഷന്മാരെയും ബിജെപി നേതാക്കൾ സന്ദർശിച്ചിരുന്നു.