ജനവാസ മേഖലയിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചു: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് പട്ടാപ്പകൽ വീടു കയറി വയോധിക ദമ്പതികൾക്ക് നേരെ ആക്രമണം.


തൃക്കൊടിത്താനം: ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് ജനവാസ മേഖലയിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ച വയോധിക ദമ്പതികൾക്ക് നേരെ പട്ടാപ്പകൽ വീടു കയറി ആക്രമണം. ചങ്ങനാശ്ശേരി തൃക്കൊടിത്താനം അയർക്കാട്ടുവയൽ ഫ്രണ്ട്‌സ് ലൈബ്രറി ജംഗ്ഷന് സമീപം താമസിക്കുന്ന ഉപ്പുകുന്നേൽ ജോസഫ് തോമസ്, ഭാര്യ ജയമ്മ ജോസഫ്, ഭാര്യാ പിതാവ് ബേബിച്ചൻ, ഭാര്യ മാതാവ് മോനുമ്മ എന്നിവർക്ക് നേരെയാണ് വീടുകയറി അക്രമം നടത്തിയത്. ജനവാസ മേഖലയായ പ്രദേശത്ത് ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുന്നതിൽ പ്രതിഷേധിച്ചു ജോസഫ് തോമസും കുടുംബവും സമീപ കുടുംബങ്ങളും പഞ്ചായത്തിലും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടുണ്ട്. അമ്പലപ്പുഴ ലാലു എന്ന് വിളിക്കുന്ന വ്യക്തിയും മൂന്നു വാഹനങ്ങളിലായി എത്തിയ പത്തോളം സംഘം ആളുകളുമാണ് വീട് കയറി ആക്രമണം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തത് എന്ന് ജോസഫ് തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഗോഡൗൺ പണിയുമായി ബന്ധപ്പെട്ട് എതിർപ്പില്ല എന്ന് ഒപ്പിട്ടു നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മാത്രമാണ് ഗോഡൗൺ ആണ് ഇവിടെ പണിയുന്നത് എന്ന് ഇവർ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒപ്പിടില്ല എന്നും ഗോഡൗൺ ജനവാസ മേഖലയിൽ സ്ഥാപിക്കുന്നതോടെ തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും ജോസഫ് പറഞ്ഞു. തുടർന്ന് ഫോൺ വിളിച്ചു അസഭ്യ വർഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് ലാലുവും മൂന്നു വാഹനങ്ങളിലായി പത്തോളം വരുന്ന സംഘം ആളുകളും എത്തി വീട്ടിലേക്ക് അതിക്രമിച്ചു കയറുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തത്. ജോസഫ് തോമസിന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് മുറ്റത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ ഭാര്യ ജയമ്മയുടെ കൈ പിടിച്ചു തിരിക്കുകയും തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇവർ മദ്യ ലഹരിയിലായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു. വീടിനു വെളിയിൽ ഇറങ്ങിയാൽ കാണിച്ചു തരാമെന്നും പറഞ്ഞു വധ ഭീഷണി മുഴക്കിയാണ് സംഘം തിരികെ പോയത്. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി. പ്രശനങ്ങൾ പറഞ്ഞു തീർക്കാനാണ് ആദ്യം പോലീസ് പറഞ്ഞെതെന്നും കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു എന്ന് ജോസഫ് പറഞ്ഞു.