വൈകാരികതയല്ല ജീവൽ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളുമാണ് പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത്: ജെയ്ക്ക് സി തോമസ്.


കോട്ടയം: വൈകാരികതയല്ല ജീവൽ പ്രശ്നങ്ങളും വികസന പ്രശ്നങ്ങളുമാണ് പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടത് എന്ന് എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസ്. നാടിന്റെ വികസനം എന്ന സ്വപ്‌നം പൂർത്തീകരിക്കേണ്ടതുണ്ട്. നവകേരളത്തിനൊപ്പം കുതിക്കാൻ പുതുപ്പള്ളിയിൽ മാറ്റം അനിവാര്യമാണ്. മാറ്റത്തിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പം ജനങ്ങൾ നിൽക്കുമെന്നും ജെയ്ക്ക് പറഞ്ഞു. പതുപ്പള്ളി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശക്തമാണ് എൽ ഡി എഫ്. പുതുപ്പള്ളിയുടെ വികസനകാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നും യു.ഡി.എഫിന്റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ല എന്നും അതു തിരുത്താനുള്ള അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പെന്നും ജെയ്ക്ക് പറഞ്ഞു. ജനങ്ങളിൽ നിന്ന് ഉയരുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ് എന്നും അദ്ദേഹം പറഞ്ഞു.