പോരാട്ടത്തിനൊരുങ്ങി പുതുപ്പള്ളി! പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു


പുതുപ്പള്ളി: പുതുപ്പള്ളിയിൽ പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. ബി ജെ പി സ്ഥാനാർഥി പ്രഖ്യാപനം കൂടി കഴിഞ്ഞതോടെ ശക്തമായ പോരാട്ടത്തിനു വേദിയാകാനൊരുങ്ങുകയാണ് പുതുപ്പള്ളി. അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായ ഉമ്മൻ ചാണ്ടിയുടെ ഒഴിവിലേക്കായി നടത്തുന്ന ഉപതെരഞ്ഞെടുപ്പിൽ ബി ജെ പി ഇന്നാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ശരവേഗത്തിലാണ് യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ മകനും യൂത്ത് കോണ്ഗ്രസ് നേതാവുമായ അഡ്വ. ചാണ്ടി ഉമ്മനാണ് യു ഡി എഫ് സ്ഥാനാർഥി. തെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ കന്നിയങ്കമാണ് ഇത്. പുതുപ്പള്ളി മണ്ഡലത്തിൽ രണ്ടു തവണ ഉമ്മൻ ചാണ്ടിയുടെ എതിരാളിയായി മത്സരിച്ച ജെയിക് സി തോമസ് ആണ് എൽ ഡി എഫ് സ്ഥാനാർഥി. പുതുപ്പള്ളിയിൽ ജെയിക് സി തോമസിന്റെ മൂന്നാം അങ്കമാണ് ഇത്. ബി ജെ പി സ്ഥാനാർഥിയായി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ആണ് മത്സര രംഗത്ത് എത്തിയിരിക്കുന്നത്. ജനകീയനായ നേതാവ് ഉമ്മൻ ചാണ്ടിയുടെ പ്രഭാവവും സഹതാപ തരംഗവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് യു ഡി എഫ്. എന്നാൽ പുതുപ്പള്ളിയിൽ വികസനമാണ് ചർച്ച ചെയ്യേണ്ടതെന്നും വ്യക്തിപ്രഭാവമല്ല വികസനമാണ് നാടിന് ആവശ്യമെന്ന നിലപാടിലുമാണ് എൽ ഡി എഫ്. യു ഡി എഫ് സ്ഥാനാർഥി പ്രഖ്യാപനം ശരവേഗത്തിൽ നടത്തിയിരുന്നതിനാൽ പ്രചാരണ പ്രവർത്തനങ്ങളിൽ യു ഡി എഫ് ഒരുപടി മുന്നിലാണ്. കഴിഞ്ഞ ദിവസം പുതുപ്പള്ളി മണ്ഡലത്തിൽ ജെയിക് വാഹന പ്രചരണ ജാഥയും റോഡ് ഷോയും നടത്തിയിരുന്നു. ബി ജെ പി സ്ഥാനാർഥി പ്രഖ്യാപനം വൈകിയെങ്കിലും ഒരുക്കങ്ങൾ മുൻപേ തന്നെ മുന്നണിയും ആരംഭിച്ചിരുന്നു. ബി ജെ പിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി മണ്ഡലത്തിലൾപ്പടെ ജില്ലയിൽ ബൂത്ത് ദർശന യാത്രയുടെ ഭാഗമായി ഭവന സന്ദർശനം പുരോഗമിക്കുകയാണ്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന തെരഞ്ഞെടുപ്പുകളിലൊന്നായി മാറിക്കഴിഞ്ഞു. മണ്ഡലത്തിലെ മുന്നണികളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും രാഷ്ട്രീയ കേരളം ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. അരനൂറ്റാണ്ടുകളായി പുതുപ്പള്ളിക്കാർ തങ്ങളുടെ കുഞ്ഞൂഞ്ഞിനും യു ഡി എഫിനുമാണ് പുതുപ്പള്ളി നല്കിയിരുന്നതെങ്കിൽ ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ അരനൂറ്റാണ്ടുകൾക്ക് മുൻപ് തങ്ങൾക്ക് നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് എൽ ഡി എഫ്. പിതാവിനെതിരെ മത്സരിച്ച ജെയിക് ഇപ്പോൾ മകനെതിരെയും മത്സര രംഗത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു തവണ ഉമ്മൻ ചാണ്ടിക്കെതിരായി ജെയിക് മത്സരിച്ചപ്പോഴും ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ജെയിക്കിന് കഴിഞ്ഞിരുന്നു. മൂന്ന് മുന്നണികളിലെയും സ്ഥാനർത്ഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി മുന്നണിയിലെ മുതിർന്ന നേതാക്കൾ പുതുപ്പള്ളിയിൽ എത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ബി ജെ പി നേതാവ് അനിൽ ആന്റണി തുടങ്ങിയവർ ജില്ലയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുക്കും. മണ്ഡലത്തിലെ വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് എൽ ഡി എഫ് പ്രചാരണം ശക്തമാക്കുന്നത്. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ എട്ടു പഞ്ചായത്തുള്ളതിൽ ആറും ഭരിക്കുന്നത് എൽ ഡി എഫ് ആണ്. ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇതും ഏറെ ആത്മവിശ്വാസം പകരുന്നതാണ്. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് എന്നാണ് യു ഡി എഫ് നേതാക്കൾ അഭിപ്രായപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ് എന്ന് ചാണ്ടി ഉമ്മൻ പറയുമ്പോൾ പുതുപ്പള്ളിയുടെ നാളിതുവരെയുള്ള വികസനങ്ങൾ ചോദിച്ചാണ് ജെയിക് സംസാരിക്കുന്നത്.  മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ വീട് കയറിയുള്ള പ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാൽ പ്രവർത്തിച്ചിട്ടുണ്ട്.