ഓപ്പറേഷൻ ഫോസ്കോസ്: സംസ്ഥാനത്ത് ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സംരംഭ സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തി വെക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി.


തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്കോസിൽ സംസ്ഥാനത്ത് ലൈസൻസ് ഇല്ലാത്ത ഭക്ഷ്യ സംരംഭ സ്ഥാപനങ്ങൾ പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുന്ന നടപടികളാണ് മുൻപ് പിന്തുടർന്നുകൊണ്ടിരുന്നത്. ഇപ്രകാരം നോട്ടീസ് നൽകിയ ശേഷവും നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുത്തിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു ഡ്രൈവ് അത്യാവശ്യമായി വന്നത്. കേരളത്തിൽ ഹോട്ടലുകൾ റസ്റ്റോറന്റുകൾ ബേക്കറികൾ തുടങ്ങി ഭക്ഷണപദാർത്ഥങ്ങൾ വില്പന നടത്തുന്ന മുഴുവൻ സ്ഥാപനങ്ങളും ലൈസൻസ് പരിധിയിയിൽ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഇന്ന് ആരംഭിച്ച ലൈസൻസ് ഡ്രൈവ് നാളെയും തുടരും. ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതോ ഭക്ഷ്യസുരക്ഷ ലൈസൻസ് പരിധിയിൽ വന്നിട്ടും ഭക്ഷ്യസുരക്ഷ രജിസ്ട്രേഷനിൽ പ്രവർത്തിക്കുന്നതോ ആയ സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നു ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസൻസ് ഇല്ലാത്ത ഭക്ഷ്യസംരംഭ സ്ഥാപനങ്ങൾ യാതൊരു കാരണവശാലും പ്രവർത്തിക്കാൻ പാടുള്ളതല്ല. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ഡ്രൈവിന്റെ ലക്ഷ്യം. ജില്ലയിലെമ്പാടും ഇതിന്റെ ഭാഗമായി പരിശോധനകൾ നടക്കും. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ സ്വീകരിക്കും. ഓഗസ്റ്റ് ഒന്നിന് ശേഷം ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കരുത്. ലൈസൻസ് ലഭിക്കുന്നതിനായി foscos.fssai.gov.in എന്ന പോർട്ടലിൽ അപേക്ഷിക്കാം. സാധാരണ ലൈസൻസുകൾക്ക് 2000 രൂപയാണ് ഫീസ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനം ലൈസൻസ് നേടുന്നതുവരെ നിർത്തിവയ്ക്കുകയും നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് (FSSAI License) എടുക്കേണ്ടതാണ്. സ്വന്തമായി ഭക്ഷണം നിർമ്മിച്ച് വില്പന നടത്തുന്നവർ, പെറ്റി റീടെയ്ലർ, തെരുവ് കച്ചവടക്കാർ (Street vendors), ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവർ (Itinerant vendor), താല്കാലിക കച്ചവടക്കാർ എന്നിവർക്കു മാത്രമാണ് രജിസ്ട്രേഷൻ അനുമതിയോടെ പ്രവർത്തിക്കാവുന്നത്. ജീവനക്കാരെ ഉൾപ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസൻസ് എടുക്കേണ്ടതാണ്. എന്നാൽ നിരവധി കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം രജിസ്ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധനകൾ കർശനമാക്കിയിട്ടുള്ളത്. ഭക്ഷ്യ സുരക്ഷാ ലൈസൻസ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങൾ നടത്തുന്നത്  ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006 വകുപ്പ് 63 പ്രകാരമുള്ള ശിക്ഷ ലഭിക്കുന്നതാണ്. ലൈസൻസിനു പകരം രജിസ്ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും.