കോട്ടയം: ആലുവയിലെ ബീഹാർ സ്വദേശിനിയായ അഞ്ചു വയസ്സുകാരിയുടെ കൊലപാതക വാർത്ത സൃഷ്ടിച്ച ഞെട്ടലും ആഘാതവും ഇന്നും മനസ്സിൽ നിന്ന് വിട്ടുമാറിയിട്ടില്ല. നമ്മുടെ പൊന്നോമനകൾ ഇപ്പോൾ സുരക്ഷിതരാണോ? മാതാപിതാക്കളുടെ കണ്മുൻപിൽ നിന്ന് മാറുമ്പോൾ ക്രൂരതയുടെ കഴുകൻ കണ്ണുകൾ കാത്തിരിക്കുന്നുണ്ടാവാം എന്ന പേടിയിലാണ് രക്ഷിതാക്കൾ. നമ്മുടെ കോട്ടയം ജില്ലയിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിക്കുന്നതായാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിക്രൂരമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജില്ലയിൽ ഈ വർഷം മെയ് വരെ രജിസ്റ്റർ ചെയ്തത് 93 പോക്സോ കേസുകളാണ്. 5 മാസത്തിനിടെയാണ് ജില്ലയിൽ 93 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈൻ ക്ളാസ്സുകൾക്കായി നൽകിയ മൊബൈൽ ഫോണുകളിൽ നവമാധ്യമങ്ങളിൽക്കൂടി പരിചയം നടിച്ചെത്തിയവരാണ് വിദ്യാർത്ഥികളായ കുട്ടികൾക്ക് നേരെ അതിക്രമങ്ങൾക്ക് മുതിർന്നിട്ടുള്ളത്. സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്ന ജില്ലയായി കോട്ടയം മാറിക്കൊണ്ടിരിക്കുകയാണ്. 2013 ൽ സംസ്ഥാനത്ത് പോക്സോ കേസ് രജിസ്റ്റർ ചെയ്‌യുന്ന ജില്ലകളിൽ കോട്ടയം പതിനൊന്നാം സ്ഥാനത്തായിരുന്നു എങ്കിൽ 2023 എത്തിയപ്പോഴേക്കും കോട്ടയം ഏഴാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്. 2013 ൽ കോട്ടയം ജില്ലയിൽ 34 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ൽ 192 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. 1273 കേസുകളാണ് കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യജില്ലക്കാരാണ് കുട്ടികളോട് പരിചയം നടിച്ചെത്തുന്നവരിൽ കൂടുതലും. കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 15-17 വയസ്സിനിടയിലുള്ള പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾ സമൂഹമാധ്യമങ്ങളുടെ ഇരകളാണ്. ഫേസ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പരിചയം സ്ഥാപിച്ച ശേഷമാണ് ചൂഷണത്തിന് ഇരയാക്കിയത്. ജില്ലയിൽ എരുമേലി,പാലാ, വൈക്കം,മുണ്ടക്കയം, ഈരാറ്റുപേട്ട,കടുത്തുരുത്തി, കുമരകം,കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.