ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജകമണ്ഡലമായി ഏറ്റുമാനൂരിനെ മാറ്റും: മന്ത്രി വി.എൻ. വാസവൻ.


ഏറ്റുമാനൂർ: ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടെ ഏറ്റുമാനൂരിനെ ജില്ലയിലെ ആദ്യ സമ്പൂർണ മാലിന്യമുക്ത നിയോജക മണ്ഡലമാക്കി മാറ്റുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നു  സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ഭാഗമായി അയ്മനത്ത് നടന്ന ഏറ്റുമാനൂർ നിയോജകമണ്ഡലതല കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി. കാമ്പയിൻ പ്രവർത്തനം പൂർണതയിൽ എത്തിക്കുന്നതിനായി കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ ഒരു നാടിന്റെ ശുചിത്വം ലക്ഷ്യമാക്കി എല്ലാവരും മുന്നിട്ടിറങ്ങണം. ഏറ്റുമാനൂരിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസിന്റെ സഹകരണത്തോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. നിയോജകമണ്ഡലത്തിൽ ആദ്യമായി സമ്പൂർണ മാലിന്യമുക്തമാക്കുന്ന വാർഡിന് 50000 രൂപയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് ഒരു ലക്ഷം രൂപയും മന്ത്രി പാരിതോഷികം പ്രഖ്യാപിച്ചു. മാലിന്യമുക്തമാക്കുന്ന ആദ്യ വിദ്യാഭ്യാസസ്ഥാപനത്തിനും പാരിതോഷികം നൽകുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷയായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ അജയൻ കെ. മേനോൻ, ധന്യ സാബു, അഞ്ജു മനോജ്, വി.കെ. പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടർ പി.എസ്. ഷിനോ, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ, ജില്ലാ എംപവർമെന്റ് ഓഫീസർ ലക്ഷ്മി പ്രസാദ്, മാലിന്യമുക്ത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി. ശ്രീ ശങ്കർ, ജനപ്രതിനിധികൾ, വിവിധ മേഖലകളിൽനിന്നുള്ളവർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.