ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതായിരുന്നു: ചാണ്ടി ഉമ്മൻ.


കോട്ടയം: ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സർക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടതായിരുന്നു എന്ന് ചാണ്ടി ഉമ്മൻ. മലയാളികൾ ഓണത്തിന്റെ ആഘോഷാരവങ്ങളിലേക്ക് നടന്ന് അടുക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചുയരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വ്യാപാരികളോട് സംസാരിക്കുന്നതിനിടെയാണ് ചാണ്ടി ഉമ്മൻ ഇക്കാര്യം പറഞ്ഞത്. പച്ചക്കറിയുടെ വിലക്കയറ്റം സാധാരണക്കാരെയും ചെറുകിട കച്ചവടക്കാരെയും, ഹോട്ടൽ വ്യവസായത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിൽ ഇനിയും വില വർധനയ്ക്ക് സാധ്യത ഉണ്ടെന്നാണ് വ്യാപാരികളിൽ നിന്ന് മനസ്സിലാക്കിയത് എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പച്ചക്കറികൾ സംഭരിച്ച് ന്യായവിലക്ക് ജനങ്ങൾക്ക് നൽകാനുള്ള കാര്യക്ഷമമായ സംവിധാനം ഇല്ലാത്തത് ഖേദകരമാണ് എന്നും ഓണാഘോഷത്തിന്റെ പ്രാധാന്യം പരിഗണിച്ച് സർക്കാറിന്റെ സത്വരമായ ഇടപെടൽ ഉണ്ടായേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.