ഗജവീരൻ പുതുപ്പള്ളി സാധുവിനു ഇഷ്ട ഭക്ഷണമായ പഴം നൽകി വിരുന്നൂട്ടി ചാണ്ടി ഉമ്മൻ.


കോട്ടയം: ഗജവീരൻ പുതുപ്പള്ളി സാധുവിനു ഇഷ്ട ഭക്ഷണമായ പഴം നൽകി വിരുന്നൂട്ടി ചാണ്ടി ഉമ്മൻ. സൂര്യകാലടി മനയിൽ നടന്ന വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പുതുപ്പള്ളി സാധുവിനു ഒപ്പം പഴം നൽകിയും ഒപ്പം നിന്നും ചാണ്ടി ഉമ്മൻ സമയം ചെലവിട്ടത്. ഏതാണ്ട് 15 വർഷങ്ങൾക്ക് മുമ്പ് അക്ഷര നഗരിയിൽ എത്തിയ ഈ അരുണാചലുകാരൻ കേരളത്തിൽ ചെറുതും വലുതുമായ ഒരുപാട് ആനകളെ സമ്മാനിച്ച പുതുപ്പള്ളി പാപ്പാലപറമ്പിൽ പോത്തൻ വർഗ്ഗീസ് അച്ചായന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗൗരവം നെറ്റിപ്പട്ടമായി ചാർത്തി കണ്ണുകളിൽ വന്യമായ ഒരു ശൗര്യം എപ്പോഴും കാത്തുസൂക്ഷിച്ച് ആന സ്നേഹികളുടെ ഇഷ്ടപാത്രങ്ങളിൽ ഒന്നായി മാറിയ ആനയാണ് പുതുപ്പള്ളി സാധു.  പ്രധാന ആഘോഷ പരിപാടികളിലെല്ലാം നിത്യ സാന്നിധ്യമാണ്. വീരസ്യം കലർന്ന ആനക്കഥകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും 'പുതുപ്പള്ളി സാധു' അക്ഷരാർത്ഥത്തിൽ ഒരു സാധുവായി മുമ്പിൽ നിന്നു തന്നപ്പോൾ വിസ്മയം ആണ് എന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.