പുതുപ്പള്ളി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലം, എട്ടു പഞ്ചായത്തുള്ളതിൽ ആറും ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി: വി എൻ വാസവൻ.


കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം പൂർണ്ണ സജ്ജമായിക്കഴിഞ്ഞതായി മന്ത്രിയും പുതുപ്പള്ളിയുടെ ചുമതലയുമുള്ള സിപിഎം നേതാവുമായ വി.എൻ.വാസവൻ പറഞ്ഞു. പുതുപ്പള്ളി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലമാണ് എട്ടു പഞ്ചായത്തുള്ളതിൽ ആറും ഭരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ ഒരുക്കങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ആരാഞ്ഞ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സഹതാപ തരംഗം പറഞ്ഞാൽ ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ എൽ ഡി എഫ് ആണ് വിജയിച്ചതെന്നും മന്ത്രി പറഞ്ഞു. ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിനെ തുടർന്ന് 1984 ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിച്ച സി പി എം നേതാവ് കെ സുരേഷ് കുറുപ്പാണ് വിജയിച്ചത്. പുതുപ്പള്ളി മണ്ഡലത്തിൽ വലിയ രാഷ്ട്രീയ അടിത്തറ ഇടതുപക്ഷത്തിനുണ്ടെന്നും സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.