കോട്ടയം: ഇരട്ടയാർ സെന്റ്.തോമസ് ദേവാലയത്തിൽ വിശുദ്ധ കുർബാനക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കട്ടപ്പന സ്വദേശിനി അന്തരിച്ചു. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയി-ഷൈനി ദമ്പതികളുടെ മകൾ ആൻ മരിയ ജോയി(19)ആണ് മരിച്ചത്. കോട്ടയം കാരിത്താസിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. കുർബാനക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്. കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 139 കിലോമീറ്റർ ദൂരം ഓടിയെത്താൻ വേണ്ടത് നാല് മണിക്കൂർ സമയം വേണമെന്നിരിക്കെ മന്ത്രിയുടെ ഇടപെടലിൽ ആംബുലൻസ് രണ്ടര മണിക്കൂറിൽ കട്ടപ്പനയിൽ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തിയിരുന്നു. ഒരു നാട് മുഴുവൻ പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നു ആൻ മരിയ തിരികെയെത്തുന്നതും കാത്ത്. നാടിനെ നൊമ്പരത്തിലാഴ്ത്തി ആൻ മരിയയുടെ വിടവാങ്ങൽ. രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിലാണ് ആൻ മരിയ നിത്യതയിലേക്ക് യാത്രയാകുന്നത്. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഇരട്ടയാർ സെൻറ്. തോമസ് ദേവാലത്തിൽ നടക്കും.