മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല, ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ, സൈബർ ആക്രമണത്തിൽ അച്ചു ഉമ്മന്റെ പ്രതികരണം.


കോട്ടയം: മുഖമില്ലാത്തവർക്കെതിരെ നിയമനടപടിയില്ല എന്നും ധൈര്യമുള്ളവർ നേർക്കുനേർ ആരോപണം ഉന്നയിക്കട്ടെ എന്നും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയായിരുന്നു അച്ചു ഉമ്മൻ. പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ല എന്നും ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട് എന്നും അച്ചു ഉമ്മൻ പറഞ്ഞു. പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ‍ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് തന്റെ ജോലി എന്ന് അച്ചു ഉമ്മൻ പറഞ്ഞു. യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണ്. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴുള്ള ഈ സൈബർ ആക്രമണം എന്നും അച്ചു ഉമ്മൻ പറഞ്ഞു.