കോട്ടയം ടൗണിൽ പോലുമില്ലാത്ത ഗതാഗതക്കുരുക്ക് പലപ്പോഴും പുതുപ്പള്ളിയിലെ പല സ്ഥലങ്ങളിലും കാണാം, ഏതൊരു നാടിന്റെയും അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളിൽ പ്രധാനപ


കോട്ടയം: ഏതൊരു നാടിന്റെയും അടിസ്ഥാന പശ്ചാത്തല സൗകര്യങ്ങളിൽ പ്രധാനപ്പെട്ടതാണല്ലോ ആ നാട്ടിലെ റോഡുകൾ. പുതുപ്പള്ളി മണ്ഡലത്തിലെ പ്രധാന ടൗണുകളായ പുതുപ്പള്ളി, മണർകാട്, അയർക്കുന്നം, ഞാലിയാകുഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ചാൽ മതിയാകും നമ്മുടെ ഗതാഗതസാകര്യം എത്രയോ പരിതാപകരമാണെന്നു ബോധ്യപ്പെടാൻ എന്ന് ജെയിക് സി തോമസ് പറഞ്ഞു. ഈ കവലകളിലെ ബ്ലോക്കിൽ പെടാത്ത ഒരാൾ പോലും ഈ മണ്ഡലത്തിൽ കാണില്ല. കോട്ടയം ടൗണിൽ പോലുമില്ലാത്ത ഗതാഗതക്കുരുക്ക് പലപ്പോഴും പുതുപ്പള്ളിയിലെ പല സ്ഥലങ്ങളിലും കാണാം എന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയുടെ സമീപ മണ്ഡലങ്ങളിൽ ഒരിടത്തു പോലും ഈ ദുരവസ്ഥയില്ല. വികസനം നടത്തി എന്ന പൊള്ളയായ അവകാശവാദം ഉന്നയിക്കുന്ന യുഡിഎഫ് നേതാക്കൾക്ക് ആർക്കെങ്കിലും ഇക്കാര്യത്തിൽ ഒരു വിശദീകരണം നൽകാൻ സാധിക്കുമോ എന്നും ജെയിക് സി തോമസ് ചോദിച്ചു. 40000 കോടി രൂപയുടെ റോഡുകളാണ് കേരളത്തിൽ കിഫ്‌ബി വഴി ഇടതുമുന്നണി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ കേവലം രണ്ടു റോഡുകൾ മാത്രമാണ് കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പുതുപ്പള്ളി മണ്ഡലത്തിൽ നടപ്പിലാക്കാനായി മുൻ എംഎൽഎ തീരുമാനിച്ചത്. അതും റോഡിന്റെ ഭൂരിഭാഗവും കോട്ടയം മണ്ഡലത്തിൽ വരുന്ന രീതിയിലും.  മണ്ഡലത്തിലെ ഗതാഗതസൗകര്യം പതിന്മടങ്ങ് വർധിപ്പിക്കുമായിരുന്ന അയർക്കുന്നം ബൈപാസ് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയത് എന്തു കൊണ്ടാണ് എന്നും ഇതിനു ഉത്തരം പറയേണ്ടത് യുഡിഎഫ് അല്ലേ എന്നും അദ്ദേഹം ചോദിച്ചു. ആശുപത്രിയിലേക്കും സ്‌കൂളുകളിലേക്കും തുടങ്ങി എന്ത് കാര്യത്തിനാണേലും പുതുപ്പള്ളി മണ്ഡലത്തിലൂടെ യാത്ര ചെയ്യുന്ന ഓരോരുത്തരും അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ശാശ്വതമായ ഒരു പരിഹാരം അനിവാര്യമാണ്. എന്നാൽ ഇത്രയും കാലം തുടർച്ചയായി തിരഞ്ഞെടുത്തവർക്ക് മണ്ഡലത്തിന്റെ ഇത്തരം അടിസ്ഥാന പ്രശ്നങ്ങൾക്കുള്ള പരിഹാരം പോലും കാണാൻ കഴിഞ്ഞിട്ടില്ല എന്നും ദീർഘവീക്ഷണത്തോടെ നാടിന്റെ വികസനപ്രവർത്തനങ്ങളിൽ അവർ ഇടപെടാത്തതിന്റെ ദുരന്തം അനുഭവിക്കുന്നത് നാട്ടിലെ സാധാരണ മനുഷ്യരാണ് എന്നും ജെയിക് പറഞ്ഞു. ഇക്കാലമത്രയും ഇതിനൊരു പരിഹാരം കണ്ടെത്താൻ ഒരു ശ്രമവുമുണ്ടായിട്ടില്ല. പുതുപ്പള്ളിയുടെ വികസനമില്ലായ്മയ്ക്ക് ശാപമോക്ഷം വേണം. പുതുപ്പള്ളിയും മാറണം. അതിനായി ഒന്നിച്ചു നിൽക്കണമെന്നും ജെയിക് പറഞ്ഞു.