കനത്ത മഴയിൽ മീനച്ചിലാറും മീനന്തറയാറും കരകവിഞ്ഞു, മഴക്കലിയിൽ ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി പൂർണ്ണ സജ്ജരായി കോട്ടയത്തിന്റെ സ്വന്തം സേന, പ്രതിസന്ധിക


കോട്ടയം: അതിശക്തമായി ദിവസങ്ങളോളം തുടർന്ന കനത്ത മഴയിൽ കലിതുള്ളി കരകവിഞ്ഞൊഴുകിയ മീനച്ചിലാറും മണിമലയാറും ഉൾപ്പടെയുള്ള ജലാശയങ്ങളിൽ നിന്നും വെള്ളം കോട്ടയത്തിന്റെ താഴ്ന്ന മേഖലകളിലേക്കും പടിഞ്ഞാറൻ മേഖലകളിലേക്കും ഒഴുകിയെത്തിയതോടെ ദുരിതക്കയത്തിലാണ് ഇവിടുത്തെ ജനങ്ങൾ. മഴക്കാലമെത്തുന്നതോടെ ഇവരുടെ ഈ ദുരിതം ഇപ്പോൾ പതിവായിരിക്കുകയാണ്.

 

 കനത്ത മഴയിൽ കോട്ടയത്തിന്റെ താഴ്ന്ന മേഖലകളിൽ വെള്ളം കയറിയതോടെ ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി പൂർണ്ണ സജ്ജരായി കർമ്മ നിരതരായിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം സേനയായ സിവിൽ ഡിഫൻസ് സേന. പ്രതിസന്ധികളിൽ ജില്ലയ്ക്ക് കരുത്തായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സിവിൽ ഡിഫൻസ് സേന. കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന മഴയിൽ വെള്ളം കയറിയ കുമരകം,പുലിക്കുട്ടിശ്ശേരി, ഇല്ലിക്കൽ ,തിരുവാർപ്പ്, കാഞ്ഞിരം തുടങ്ങിയ മേഖലകളിൽ സേവന നിരതരാണ് സേനയിലെ അംഗങ്ങൾ. മേഖലയിലെ വെള്ളം കയറിയ വീടുകളിൽ നിന്നും നിരവധിയാളുകളെ ഇതിനോടകം തന്നെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും എത്തിച്ചു. 



പ്രായമായവരെയും കുട്ടികളെയും ഉൾപ്പടെ ആളുകളെ ഡിങ്കി ബോട്ടുകളിൽ കയറ്റിയാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ആരംഭിച്ച പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണ്. കോട്ടയം ഫയർ സ്റ്റേഷന് കീഴിലുള്ള സിവിൽ ഡിഫൻസ് സേന യൂണിറ്റിലെ അംഗങ്ങളാണ് പൂർണ്ണ സജ്ജരായി പ്രളയ മേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സദാസമയവും അംഗങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഡിവിഷണൽ വാർഡൻ സ്മികേഷ് ഓലിക്കൻ ഒപ്പമുണ്ട്. വെള്ളം കയറി തുടങ്ങുമ്പോൾ തന്നെ വീടുകളിലുള്ള അംഗങ്ങളോട് സുരക്ഷിത സ്ഥാനത്തേക്കോ ക്യാമ്പിലേക്കോ മാറാൻ ആവശ്യപ്പെട്ടാലും വെള്ളം കയറി അപകടനില എത്തും വരെ വീട് വിട്ടു പുറത്തു പോകാതെ വീടിനുള്ളിൽ തന്നെ കഴിയുന്നവരുണ്ടെന്നും വെള്ളത്തിന്റെ നില അപകടകരമാകുമ്പോൾ മാത്രമാണ് ഇവർ വീടുവിട്ടിറങ്ങാൻ തയ്യാറാകുന്നതെന്നും ഇത് ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നും സ്മികേഷ് പറഞ്ഞു.

 

 ദുരന്തമുഖങ്ങളിൽ സിവിൽ ഡിഫൻസ് സേനയുടെ സേവനം പ്രശംസനീയമാണ്. കോവിഡ് കാലത്തും കൂട്ടിക്കൽ ഉരുൾപൊട്ടൽ മേഖലകളിലും സിവിൽ ഡിഫൻസ് സേനയുടെ സേവനം വിലമതിക്കാനാകാത്തതാണ്. ജില്ലയിലെ എല്ലാ അഗ്നിരക്ഷാ നിലയത്തോട് ചേർന്നും സിവിൽ ഡിഫൻസ് സേനയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്. ദുരന്തമുഖത്ത് അടിയന്തിര ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നടത്തി ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേകം പരിശീലനം ലഭിച്ച ദൗത്യ സേനയാണ് കേരളാ സിവിൽ ഡിഫൻസ് ഫോഴ്സ്. യുവാക്കളും യുവതികളുമടങ്ങുന്ന പരിശീലനം ലഭിച്ച അംഗങ്ങളാണ് സംഘത്തിലുള്ളത്. 



തദ്ദേശവാസികൾക്ക് ദുരന്തനിവാരണ പരിശീലനം നൽകുകയും പ്രവർത്തനം സംസ്ഥാന തലത്തിൽ ഏകോപിപ്പിക്കുകയാണ് സിവിൽ ഡിഫൻസിന്റെ ലക്ഷ്യം. തെരഞ്ഞെടുത്തവർക്ക് പ്രാദേശിക തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രത്യേക പാഠ്യപദ്ധതികൾ തയ്യാറാക്കിയാണ് ക്ലാസ്സുകളും പ്രായോഗിക പരിശീലനവും നൽകിയത്. പ്രഥമ ശുശ്രൂഷ, ദുരന്തനിവാരണം, അപകട പ്രതികരണം, അഗ്‌നിബാധാ നിവാരണം, തിരച്ചിൽ രക്ഷാപ്രവർത്തനം, ജലരക്ഷ എന്നീ വിഷയങ്ങളിലായാണ് പ്രധാനമായും പരിശീലനം നൽകിയത്. കോവിഡ് കാലഘട്ടത്തിൽ സിവിൽ ഡിഫൻസ്‌ സേനയുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. ലോക്ക് ഡൗണിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും കണ്ടെയിണ്മെന്റ് സോണുകളിലും അവശ്യ വസ്തുക്കളും മരുന്നുകളും ലഭ്യമാക്കുന്നതിനും സേവന സഹായങ്ങൾക്കും സിവിൽ ഡിഫൻസ്‌ സേന പൂർണ്ണ സജ്ജമായിരുന്നു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണ കേന്ദ്രങ്ങളിലും കൂട്ടിക്കലിലെ ഉരുൾപൊട്ടൽ മേഖലകളിലും സിവിൽ ഡിഫൻസ്‌ സേന പ്രവർത്തനങ്ങളിൽ സർവ്വ സജ്ജമായിരുന്നു. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലകളിലും കുമരകം റോഡിലും വെള്ളം കയറി. മേഖലകളിലെ നിരവധി വീടുകളിൽ വെള്ളം കയറി.