കയറു പിരിച്ചും തെങ്ങിൽ കയറിയും കുമരകത്തെയും അയ്മനത്തെയും ദൃശ്യ വിസ്മയങ്ങളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് 19 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാര്‍! കേ


കോട്ടയം: കയറു പിരിച്ചും തെങ്ങിൽ കയറിയും കുമരകത്തെയും അയ്മനത്തെയും ദൃശ്യ വിസ്മയങ്ങളും രുചി വൈവിധ്യങ്ങളും ആസ്വദിച്ച് 19 രാജ്യങ്ങളില്‍ നിന്ന് 25 ബ്ലോഗര്‍മാര്‍. കേരളം കാണാനും കേരളത്തെ അറിയാനായി ടൂറിസം വകുപ്പിന്റെ പ്രചാരണ പരിപാടിയാണ് കേരള ബ്ലോഗ് എക്സ്പ്രസ്. തിരുവനന്തപുരത്തു നിന്നും ആരംഭിച്ച അന്താരാഷ്ട്ര ബ്ലോഗര്‍മാരുമായി കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര ദിവസങ്ങൾക്ക് മുൻപ് കോട്ടയത്ത് എത്തിയിരുന്നു. കോട്ടയം കുമരകത്തും അയ്മനത്തും ബ്ലോഗർമാർ എത്തിയിരുന്നു. ഉത്തരവാദിത്വ ടൂറിസം പദ്ധതികളുടെ ഭാഗമായി ഗ്രാമീണ ടൂറിസം കാഴ്ച്ചകൾ ആസ്വദിക്കാനായി എത്തിയതായിരുന്നു കുമരകത്ത്. കേരള ടൂറിസം വിപുലമായ പ്രാദേശിക ടൂറിസം വികസനം ലക്ഷ്യം വെച്ച് വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് കേരള ബ്ലോഗ് എക്സ്പ്രസ്സ് യാത്ര. കേരളത്തിന്റെ മനോഹാരിത ലോകത്തെ അറിയിക്കാൻ രാജ്യാന്തര ബ്ലോഗർമാരുമായുള്ള കേരള ബ്ലോഗ് എക്സ്പ്രസ് യാത്ര കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ കുതിപ്പുകൾക്ക് അവസരമൊരുക്കും. അർജന്റീന, ഓസ്ട്രേലിയ, ബെൽജിയം, ബ്രസീൽ, ബൾഗേറിയ, ചിലി, ഇറ്റലി, റൊമാനിയ, യു.എസ്, യു.കെ, നെതർലൻഡ്സ്, കാനഡ, കെനിയ, ദക്ഷിണാഫ്രിക്ക, മലേഷ്യ, ഇൻഡൊനീഷ്യ, ന്യൂസീലൻഡ്, തുർക്കി, കൊളംബിയ ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള 25 ബ്ലോഗർമാരാണ് കേരള ബ്ലോഗ് എക്സ്പ്രസ് യാത്രയിൽ പങ്കാളികളാകുന്നത്. നമ്മുടെ നാടിൻ്റെ  വൈവിധ്യങ്ങളെ ഈ യാത്രയിലൂടെ അവർ ലോകത്തിന് മുൻപിൽ പരിചയപ്പെടുത്തുകയാണ്. ജൂലൈ 13ന് തിരുവനന്തപുരത്ത് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്‌ ആണ് ഫ്ലാഗ് ഓഫ് ചെയ്ത് കേരള ബ്ലോഗ് എക്സ്പ്രസ് യാത്രക്ക് തുടക്കമിട്ടത്. ഓരോ പ്രദേശങ്ങളിലെയും മനോഹര ദൃശ്യ സ്ഥലങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടും ചിത്രങ്ങളും വീഡിയോകളും പകർത്തിയും തനത് ഭക്ഷണങ്ങൾ രുചിച്ചുമാണ് ബ്ലോഗർമാരുടെ യാത്ര. ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ ബ്ലോഗർമാരെയാണ് പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ പ്രമുഖ പ്രചരണ പരിപാടിയായ ബ്ലോഗ് എക്സ്പ്രസിന്റെ ഏഴാം പതിപ്പാണ് ഈ വർഷം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കാസർഗോഡ് അവസാനിക്കും. സഞ്ചാരികളെ പ്രചോദിപ്പിക്കുകയാണ് കേരള ബ്ലോഗ് എക്സ്പ്രസിന്‍റെ ലക്ഷ്യം. ജൂലൈ 26 വരെ കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ ബ്ലോഗര്‍മാര്‍ സന്ദര്‍ശിക്കും. കേരള ടൂറിസത്തിന്‍റെ സവിശേഷതകള്‍ മുദ്രണം ചെയ്ത ആഡംബര ബസ്സിലാണ് ഇവര്‍ സഞ്ചരിക്കുക. യാത്രികരുടെ അനുഭവങ്ങളും വിവരണങ്ങളും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്യും. കേരള ടൂറിസത്തിന്‍റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകള്‍ക്കു പുറമേ ബ്ലോഗര്‍മാര്‍ അവരുടെ പ്ലാറ്റ്ഫോം വഴിയും കേരളത്തിന്‍റെ സവിശേഷതകളും ദൃശ്യഭംഗിയും ആളുകളിലേക്ക് എത്തിക്കും. എന്തുകൊണ്ടാണ് കേരളം ‘ദൈവത്തിന്‍റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നത് എന്നതിന് രണ്ടാഴ്ചത്തെ യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് ഉത്തരം ലഭിക്കും. കോവളത്തു നിന്ന് യാത്ര ആരംഭിച്ച ബ്ലോഗ് എക്സ്പ്രസ് കുമരകം, അയ്മനത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, ആലപ്പുഴയിലെ ഹൗസ് ബോട്ട് എന്നിവ ആസ്വദിക്കും. തേക്കടി, പെരിയാര്‍ തടാകം, മൂന്നാര്‍, തേയില ഫാക്ടറി, മാട്ടുപ്പെട്ടി ഡാം തുടങ്ങിയവയാണ് ഇടുക്കിയില്‍ പ്രധാനമായും സന്ദര്‍ശിക്കുന്നത്. തൃശ്ശൂരില്‍ അതിരപ്പള്ളിയിലും കേരള കലാമണ്ഡലത്തിലും സംഘം എത്തും. കൊച്ചിയില്‍ കടമക്കുടിയില്‍ സൈക്ലിംഗ്, ദ്വീപ് സന്ദര്‍ശനം, ഫോര്‍ട്ട് കൊച്ചി, ജൂതത്തെരുവ്, സിനഗോഗ് ഡച്ച് പാലസ്, ചീനവല സന്ദര്‍ശനം, കോഴിക്കോട്ട് ഹെറിറ്റേജ് വാക്ക്, ബീച്ച് സന്ദര്‍ശനം, കടലുണ്ടിയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍, വയനാട്ടില്‍ വൈത്തിരി, കുറുവ ദ്വീപ്, തേയിലത്തോട്ടം സന്ദര്‍ശനം എന്നിവയും യാത്രയുടെ ഭാഗമാണ്.