പരിമിതികൾ മറന്ന് ഓർമ്മയുടെ വഴിയിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാൻ അവരെത്തി, ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ജനപ്രവാഹം, നാളെ വിയോഗത്തിന്റെ ഒ

പുതുപ്പള്ളി: പരിമിതികൾ മറന്ന് ഓർമ്മയുടെ വഴിയിൽ തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ കാണാൻ അവരെത്തി. തൃശ്ശൂര്‍ പുനര്‍ജീവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴിലുള്ള പവിത്രാത്മ ശാന്തി ആശ്രമത്തിലെ അന്തേവാസികളാണ് അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം എൽ എ യുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിക്കാൻ പുതുപ്പള്ളി വലിയ പള്ളിയിൽ എത്തിയത്.

 

 ആശ്രമത്തിലെ 12 പേര്‍ക്ക് വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ട് ചക്രക്കസേര ലഭ്യമാക്കിയത് ഉമ്മന്‍ ചാണ്ടിയായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിലേക്ക് ഇപ്പോഴും നിലയ്ക്കാത്ത ജനപ്രവാഹം തുടരുകയാണ്. മനസ്സലിയിക്കുന്ന കണ്ണുനിറയ്ക്കുന്ന കാഴ്ചകളാണ് ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു മുന്നിൽ കാണാനാകുക.

 

 നിരവധിപ്പേരാണ് വിവിധ സ്ഥലങ്ങളിൽ നിന്നായി പൂക്കളും തിരികളുമായി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കാനായി എത്തുന്നത്.  ബുധനാഴ്ച ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന്റെ ഒൻപതാം ദിവസമാണ്. രാവിലെ 7മണിക്ക് പുതുപ്പള്ളി പള്ളിയിൽ പ്രാർത്ഥനകൾ ആരംഭിക്കും. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലയിലെ നിരവധിപ്പേർ കഴിഞ്ഞ ദിവസങ്ങളിൽ ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചിരുന്നു. സ്‌കൂൾ വിദ്യാർത്ഥികളും പ്രായമായവരും കുടുംബങ്ങളുമുൾപ്പടെ ദൂരെ ദേശത്തുനിന്നും ഇപ്പോഴും എത്തുന്നത് നിരവധിപ്പേരാണ്.