യാത്രയ്‌ക്കിടെ അപസ്മാര ബാധിതനായി യുവാവ്; രക്ഷകരായി യാത്രികരും എരുമേലി കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ ഡ്രൈവറും കണ്ടക്‌ടറും.


പിറവം: ബസ്സ് യാത്രയ്‌ക്കിടെ അപസ്മാര ബാധിതനായ യുവാവിന് രക്ഷകരായി യാത്രികരും എരുമേലി കെ.എസ്.ആ‌ർ.ടി.സി ഡിപ്പോയിലെ ഡ്രൈവറും കണ്ടക്‌ടറും. എറണാകുളം വൈറ്റിലയിൽ നിന്നും എരുമേലി തുലാപ്പള്ളിയിലേക്കുള്ള കെ.എസ്.ആ‌ർ.ടി.സി ബസ്സിലാണ് സംഭവം.

 

 വൈറ്റിലയിൽ നിന്നും പുറപ്പെട്ട ബസ്സ് പിറവം എത്താറായപ്പോഴാണ് യാത്രക്കിടയിൽ യുവാവ് അപസ്മാര ബാധിതനായത്. ഉടനെ തന്നെ ബസ്സിൽ ഉണ്ടായിരുന്ന മറ്റൊരു യാത്രികൻ ഡ്രൈവർ ഷിജുവിനെയും കണ്ടക്ടർ ജെയ്‌സണെയും വിവരമറിയിച്ചു. ബസിലുണ്ടായിരുന്ന യാത്രികൻ യുവാവിന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡ്രൈവർക്കും കണ്ടക്ടർക്കും യാത്രികർക്കുമൊപ്പം ബസ്സിൽ തന്നെ എ പി വർക്കി മിഷൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

 യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഡോക്ടർ എത്തി പരിശോധിച്ച ശേഷം മാത്രമാണ് ഡ്രൈവർ ഷിജുവും കണ്ടക്ടർ ജെയ്‌സണും തിരികെ എരുമേലിക്ക് യാത്രയായത്. ബസിലുണ്ടായിരുന്ന യാത്രക്കാരും ഇവർക്കൊപ്പം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്നു. 2 വർഷങ്ങൾക്ക് മുൻപ് പുല്ലുപാറയിലെ ഉരുൾപൊട്ടലിൽ ഒഴുക്കിൽപ്പെട്ട ഉത്തരേന്ത്യൻ കുടുംബത്തിന് രക്ഷാകരങ്ങൾ നീട്ടിയതും കണ്ടക്ടർ ജെയ്സൺ ജോസഫ് ആയിരുന്നു. മഴ കനത്തതോടെ കിഴക്കൻ മേഖലയായ പുല്ലുപാറയിൽ ഉരുൾപൊട്ടുകയും ശക്തമായ മലവെള്ളപാച്ചിലുണ്ടാകുകയും ചെയ്തിരുന്നു. എരുമേലിയിൽ നിന്നും പതിവുപോലെ കണയങ്കവയൽ ട്രിപ്പ് പോകുന്നതിനിടെയാണ് കാലാവസ്ഥ മോശമാകുകയും മഴ കണക്കുകയും തുടർന്നു ഉരുൾപൊട്ടൽ ഉണ്ടാകുകയും ചെയ്തത്. അപ്രതീക്ഷിതമായി ഉരുൾപൊട്ടിയതോടെ കല്ലും മണ്ണും ശക്തമായി വെള്ളവും ഒഴുകിയെത്തുന്നത് കണ്ടു പേടിച്ചു കാറിനു പുറത്തേക്കിറങ്ങി ഓടുകയായിരുന്നു ഗുജറാത്തിൽ നിന്നുമെത്തിയ മൂന്നംഗ വിനോദ സഞ്ചാരികളായ കുടുംബം. കാറിൽ നിന്നും പുറത്തിറങ്ങിയ പിതാവും മകനുമാണ് ഒഴുക്കിൽപ്പെട്ടത്. ശക്തമായ വെള്ളമൊഴുക്കിൽ റോഡിലൂടെ ഒഴുകിയെത്തിയ ഇവരെ കണ്ടക്ടർ ജെയ്സൺ കാണുകയും ഒട്ടും സമയം പാഴാക്കാതെ തന്റെ ജീവൻ പോലും നോക്കാതെ വെള്ളത്തിലിറങ്ങി കെ.എസ്.ആ‌ർ.ടി.സി ബസ്സിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു.