കനത്ത മഴയിൽ വെള്ളം കയറിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു.


അയ്മനം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ വെള്ളം കയറിയ അയ്മനം കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. ഡി വൈ എഫ് ഐ അയ്മനം വെസ്റ്റ് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ആശുപത്രി മുറികളും പരിസരങ്ങളും വൃത്തിയാക്കി.

 

 വെള്ളം കയറുന്നതിനു മുൻപ് തന്നെ ആശുപത്രി ഉപകരണങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ആശുപത്രിയിൽ വെള്ളം കയറിയതോടെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താത്കാലികമായി കല്ലുങ്കത്ര പള്ളിയുടെ ഓഡിറ്റോറിയത്തിലേക്ക് മാറ്റിയിരുന്നു.

 

 മഴക്കാലത്ത് ആശുപത്രി മേഖല സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. കനത്ത മഴയിൽ അയ്മനം മേഖലയിലെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയതോടെ വീടുകൾ വൃത്തിയാക്കുന്ന തിരക്കിലാണ് മേഖലയിലുള്ള ജനങ്ങൾ. 50 ഓളം കുടുംബങ്ങളാണ് വെള്ളം കയറിയതിനെ തുടർന്ന് ക്യാമ്പിൽ അഭയം തേടിയത്.