മഴക്കാലം പനിക്കാലം; ജില്ലയിലെ ആരോഗ്യ മേഖല തകർച്ചയിൽ: ബി.ജെ.പി.

കോട്ടയം: പകർച്ച വ്യാധികൾ രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ സർക്കാർ ഹോസ്പിറ്റലുകളിൽ ആവശ്യമായ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും അഭാവം പരിഹരിക്കുക, ആവശ്യമായ മരുന്നുകൾ ഉറപ്പു വരുത്തുക, ലാബുകളിൽ ടെസ്റ്റുകൾക്ക് ഉണ്ടാകുന്ന താമസത്തിനു ഹരിഹാരം കാണുക, കിടപ്പു രോഗികൾക്ക് സൗകര്യം ഉറപ്പാക്കുക തുടങ്ങി ആരോഗ്യ മേഖലയിലെ ദുരിതങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ ബി.ജെ.പി ധർണ്ണ നടത്തി.

 

 ബി.ജെ.പി നടത്തിയ പ്രക്ഷോഭ സമരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ് കുര്യൻ ഉത്ഘാടനം ചെയ്തു. മഴക്കാലമായതോടെ പനി ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ദിവസേന ആയിരക്കണക്കിനാളുകളാണ് ജനറൽ ആശുപത്രിയിൽ എത്തുന്നത്. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും കുറവ് മൂലം മണിക്കൂറുകളോളം കാത്തു നിന്ന് രോഗബാധിതർ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. മഴ ശക്തമായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ വലിയതോതിൽ പകർച്ചവ്യാധി പടരുകയാണ്.

 

 സാധാരണക്കാർ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയിലെ അവസ്ഥ വളരെ മോശമാണ് എന്നും ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് മതിയായ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നില്ല എന്നും മരുന്നുകളുടെ അപര്യാപ്തതയും ലാബുകളിൽ നിന്നും പരിശോധന ഫലം വയ്ക്കുന്നതും മൂലം ജനങ്ങൾ ദുരിതത്തിലാണെന്നും ബി.ജെ.പി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം സാഹചര്യം ഇനി ഉണ്ടാകരുത്. എത്രയും വേഗം തന്നെ കോട്ടയം ജില്ലാ ആശുപത്രി, ഇ.എസ്.ഐ അടക്കമുള്ള ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളുടെ ശോചന്യാവസ്ഥ പരിഹരിച്ചു വേണ്ട നടപടികൾ സ്വീകരിക്കണം എന്നും ലിജിൻ ലാൽ പറഞ്ഞു.