കോട്ടയം: കോട്ടയം ജില്ലയിൽ മഴ കനത്തതോടെ വ്യാപക നാശനഷ്ടമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന മഴ ഇപ്പോഴും തീവ്രത കുറയാതെ പെയ്യുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിലുൾപ്പടെ കനത്ത മഴയാണ് ലഭിക്കുന്നത്. ജില്ലയിൽ കനത്ത മഴയുടെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 മലയോര മേഖലകളിലെ കനത്ത മഴയിൽ ജില്ലയിലെ പ്രധാന നദികളായ മണിമലയാറും മീനച്ചിലാറും കരകവിയാനൊരുങ്ങി നിൽക്കുകയാണ്. മണിമലയാറിന്റെ ഭാഗമായ മുണ്ടക്കയത്തും മണിമല പഴയിടത്തും കോസ്‌വേകളിൽ വെള്ളം കയറി. ഞായറാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയാണ് ഇപ്പോഴും തുടരുന്നത്. തിങ്കളാഴ്ച ഉച്ചക്ക് ശേഷം മഴക്ക് ശമനമുണ്ടായെങ്കിലും രാത്രിയോടെ വീണ്ടും മഴ ശക്തിപ്രാപിക്കുകയായിരുന്നു. നദീ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിൽ മീനച്ചിലാറും മണിമലയാറും കരകവിയാനൊരുങ്ങുകയാണ്. എരുമേലിയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പമ്പയാറിൽ ജലനിരപ്പ് ഉയർന്നു. ഇതോടെ മൂക്കൻപെട്ടി പാലം വെള്ളത്തിലായി. കണമല ചെറിയ പാലവും മണിമല ചെറിയ പാലവും വെള്ളത്തിനടിയിലായി.

 

 കുറുമ്പൻമൂഴി കോസ് വെയിൽ വെള്ളം കയറിയതോടെ മേഖലയിലുള്ളവർ ഒറ്റപ്പെട്ടു. എരുമേലി കൊച്ചു തൊട്ടിലും ജലനിരപ്പ് ഉയരുകയാണ്. മണിമലയാറിൽ മുണ്ടക്കയം, മണിമല മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ ശക്തമായതോടെ പടിഞ്ഞാറൻ മേഖലകളും താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിൽ ആണ്. കോട്ടയത്ത് മണർകാട് മേഖലയിൽ വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. കൊടുങ്ങൂർ-മണിമല റോഡിൽ വാഴൂർ തോട് കരകവിഞ്ഞതിനെ തുടർന്ന് ചാമംപതാലിൽ വെള്ളം കയറി. വ്യാപാര സ്ഥാപനങ്ങളിലും തോടിനു സമീപത്തെ വീടുകളിലും വെള്ളം കയറി. റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. വൈക്കം തോട്ടുവക്കത്ത് മരം ഒടിഞ്ഞുവീണ് സൈക്കിൾ യാത്രികനു പരുക്കേറ്റു. വൈക്കം വെച്ചൂരിൽ വീട് ഇടിഞ്ഞു വീണു. 



അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി കോസ്‌വേകൾ മുങ്ങി. ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതിനാലും വരും ദിവസങ്ങളിൽ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും ആണ് ജൂലൈ നാല്, അഞ്ച്, ആറ് തീയതികളിൽ ജില്ലയിലെ എല്ലാവിധ ഖനനപ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഉത്തരവിറക്കി. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ മരം വീണു വൈദുതി ലൈനുകളും പോസ്റ്റുകളും ഒടിഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ ചാമംപതാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ വെള്ളം കയറി... കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കൊടുങ്ങൂരിൽ മരം കടപുഴകി വീണു. കനത്ത മഴയിൽ പൂഞ്ഞാറിൽ വീട് ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് ചങ്ങനാശ്ശേരിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ കളക്ട്രേറ്റിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായങ്ങൾക്കായി കൺട്രോൾ റൂമുമായി ബന്ധപ്പെടാം. 



കനത്ത മഴയിൽ എരുമേലിയിൽ  റോഡുപണിയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തി തകർന്നു. കരിമ്പിൻതോട്-എരുമേലി-കുരുവാമൂഴി ബൈപ്പാസ് റോഡിന്റെ നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞയിടെ നിർമ്മിച്ച സംരക്ഷണഭിത്തിയാണ് തകർന്നു വീണത്. പൊരിയന്മല വാലുമണ്ണിൽ രാജുവിന്റെ വീട്ടിലേക്ക് ആണ് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണത്. കൂവപ്പള്ളിയിലും കണമലയിലും റോഡിലേക്ക് മരം വീണു ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണിമല നദിയിലെ കല്ലൂപ്പാറ, പുല്ലാക്കയർ സ്റ്റേഷനുകളിലെ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ അവിടെ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ കേന്ദ്ര ജല കമ്മീഷൻ നൽകിയിട്ടുണ്ട്. നിലവിൽ മഴ തുടരുന്ന സാഹചര്യം ഉള്ളതിനാൽ തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം. കാഴ്ചകൾ കാണാനും ഫോട്ടോ എടുക്കുന്നതിനായി നദീ തീരത്ത് പോകുകയോ പാലങ്ങളിൽ കയറി നിൽക്കുകയോ ഒഴുകി വരുന്ന സാധനങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. 

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. മഴ കനത്ത സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി നിരോധിച്ചു ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടുണ്ട്. കുമരകം അട്ടിപ്പീടികയിൽ വീടിനു മുകളിൽ മരം വീണു ഭാഗിക നാശനഷ്ടമുണ്ടായി. കൊടുങ്ങൂർ മണിമല റോഡിൽ മഞ്ഞാക്കൽപ്പടി ഭാഗത്ത് റോഡിലും വീടുകളിലും വെള്ളം കയറി.