വാകത്താനം ഗവൺമെന്റ് എൽ.പി.ബി. സ്‌കൂളിൽ വർണക്കൂടാരമൊരുങ്ങി.


വാകത്താനം: വാകത്താനം ഗവൺമെന്റ് എൽ.പി.ബി. സ്‌കൂളിലെ വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. സമഗ്രശിക്ഷ കേരള സ്റ്റാഴ്സ് പദ്ധതിയിലുൾപ്പെടുത്തിയാണ് സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയർത്തിയത്. ചടങ്ങിൽ ഉമ്മൻചാണ്ടി എം.എൽ.എ. അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തി. സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. സമഗ്രശിക്ഷ കേരളം അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രീ പ്രൈമറി സ്‌കൂൾ കെട്ടിടം നവീകരിച്ചത്. മാതൃക പ്രീ പ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്നതിനോടൊപ്പം കുട്ടികൾക്കായി ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആക്റ്റിവിറ്റി ഏരിയയും ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ വാകത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ജില്ലാ പഞ്ചായത്ത് അംഗം നിബു ജോൺ, വാകത്താനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, ബ്ലോക്ക് പഞ്ചായത്തംഗം ബീനാ കുന്നത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ബീനാ സണ്ണി, പഞ്ചായത്തംഗം രമേശ് നടരാജൻ, സമഗ്രശിക്ഷ കേരള ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ആശാ ജോർജ്, ബിനു എബ്രഹാം, എസ്.എസ്.കെ. ചങ്ങനാശ്ശേരി ബി.പി.സി. ജി. രാജേഷ് ബാബു, ഹെഡ്മിസ്ട്രസ് പ്രീതിരാജ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ടി.ടി. മനോജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വികസിതരാജ്യങ്ങളിൽ കാണുന്നതുപോലെയുള്ള പ്രീപ്രൈമറി സ്‌കൂൾ  സൗകര്യങ്ങൾ കേരളത്തിലെ നാട്ടിൻപുറങ്ങളിലും സാധാരണമായി കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായ അന്തർദേശീയ നിലവാരത്തിൽ നിർമ്മിച്ച  വാകത്താനം ഉണ്ണാമറ്റം എൽ.പി.ബി. സ്‌കൂളിലെ വർണക്കൂടാരം എന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.