"തനിച്ച് ഒന്ന് പുറത്തോട്ട് പോകാൻ അവൻ എത്ര കൊതിച്ചതാ... ഒരു സ്വപ്നം പോലെ തോന്നുന്നു, അവന്റെ മുഖത്തെ ചിരി കാണുമ്പോൾ ഇതിലും വലിയ സന്തോഷം ഇനിയെന്തുണ്ട്”കോട്ടയം: കോട്ടയം ചിങ്ങവനം സ്വദേശിനി ശാലിനിയുടെയും മകൻ ഫെബിന്റെയും ജീവിതത്തിലേക്ക് പുതിയ വെളിച്ചമേകുകയാണ് അഭയം ചാരിറ്റബിൾ സൊസൈറ്റി. സെറിബ്രൽ പാഴ്സി ബാധിച്ച് നടക്കാനാകാത്ത ഫെബിന് മുന്നോട്ട് പോകാൻ ഒരു ഇലക്ട്രിക് വീൽ ചെയർ എന്നത് വലിയ ആഗ്രഹമായിരുന്നു. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ സിപിഐഎം പ്രവർത്തകർ ശാലിനിയുടെ വീട്ടിലെത്തിയപ്പോൾ ശാലിനി ആവശ്യപ്പെട്ടത് ഈ ഒരു ആഗ്രഹം മാത്രമായിരുന്നു. വിവരമറിഞ്ഞ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ അഭയം ചാരിറ്റബിൾ സൊസൈറ്റിയിലൂടെ ഫെബിന് ഒരു ഇലക്ട്രിക് വീൽ ചെയർ നൽകാൻ തീരുമാനിക്കുകയായിരുന്നു. പ്രവാസി വ്യവസായിയും ലോക കേരള സഭയുടെ സംഘാടകനുമായ പീറ്റർ മാത്യു കുളങ്ങരയാണ് ഒരു ലക്ഷം വില വരുന്ന ഇലക്ട്രിക് വീൽ ചെയർ അഭയം ചാരിറ്റബിൾ സൊസൈറ്റി മുഖേന സ്പോൺസർ ചെയ്തത്. കഴിഞ്ഞ ദിവസം ഫെബിന്റെ വീട്ടിലെത്തി മന്ത്രി വി എൻ വാസവൻ ഇലക്ട്രിക് വീൽചെയർ കൈമാറി. അവൻറെ കൈപിടിച്ച് മികച്ച വിജയം നേടണം എന്ന് ആശംസിച്ചപ്പോൾ ആവേശത്തോടെയാണ് ഫെബിൻ സ്വീകരിച്ചത് എന്ന് മന്ത്രി പറഞ്ഞു. "തനിച്ച് ഒന്ന് പുറത്തോട്ട് പോകാൻ അവൻ എത്ര കൊതിച്ചതാ... ഒരു സ്വപ്നം പോലെ തോന്നുന്നു, അവന്റെ മുഖത്തെ ചിരി കാണുമ്പോൾ ഇതിലും വലിയ സന്തോഷം ഇനിയെന്തുണ്ട്”-ഫെബിന്റെ അമ്മ ശാലിനിയുടെ വാക്കുകൾ...